കണ്ണൂർ: 18 കോടിയുടെ മരുന്ന് കിട്ടിയാൽ തന്‍റെ കുഞ്ഞനുജൻ മുഹമ്മദ് തന്നെപ്പോലെയാകില്ല എന്ന് അഫ്ര പറഞ്ഞപ്പോൾ എല്ലാവരും കൈകോർത്തതാണ്. മസ്‌കുലാർ അട്രോഫി എന്ന രോഗം ബാധിച്ച ഒന്നര വയസുകാരന് ചികിത്സക്കായി വേണ്ടിയിരുന്നത് 18 കോടി രൂപയും. തന്‍റെ രണ്ട് മക്കളെയും അപൂർവ്വ രോഗം ബാധിച്ചതിന്‍റെ മനോവിഷമത്തിൽ വിറങ്ങലിച്ച് നിന്ന മാതാപിതാക്കളായ റഫീഖും മറിയവും നിസഹായരായിരുന്നു.
മാധ്യമങ്ങളിലും അതുവഴി സോഷ്യൽ മീഡിയയിലും അഫ്ര തന്‍റെ അനുജനെ രക്ഷിക്കണമെന്ന് അഭ്യർഥിക്കുന്ന വീഡിയോ വൈറലായതോടെ 'സോൾജെൻസ്‌മ' എന്ന മരുന്നിനായി സംഭവാനകൾ ലഭിക്കാൻ തുടങ്ങി. വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ മരുന്നിനായുള്ള 18 കോടിയും ലഭിച്ചുവെന്ന് കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്‍റെ കുടുംബം ലോകത്തോട് പറഞ്ഞു.
ലഭിച്ചത് 46.78 കോടി; അയച്ചത് 7,70,000 പേർ
എന്നാൽ സഹായം അവിടെയും നിന്നില്ല. ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക് എത്തിക്കാൻ ലോകം കൈകോർത്തപ്പോൾ ഇതുവരെ ലഭിച്ചത് 46.78 കോടി രൂപയാണ്. 7,70,000 പേരാണ് പണം നൽകിയത്. അതിൽ അഞ്ച് ലക്ഷം രൂപയാണ് ഒറ്റത്തവണ ലഭിച്ച ഏറ്റവും വലിയ തുക. എന്തായാലും മുഹമ്മദിന്‍റെ മരുന്ന് അടുത്ത മാസം എത്തുമെന്ന് റഫീഖ് അറിയിച്ചിട്ടുണ്ട്.
ചികിത്സക്കുള്ള ചിലവ് 18 കോടി ഒഴിച്ച് ബാക്കിയുള്ള പണം സമാന രോഗം പിടിപെട്ട കുട്ടികൾക്ക് നൽകാനാണ് റഫീഖിന്‍റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി ചർച്ച ചെയ്ത് ബാക്കി വന്ന തുക സഹായം വേണ്ട കുഞ്ഞുങ്ങൾക്ക് എത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.