കേരളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി,കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങളെസന്ദർശിച്ചു. കണ്ണൂരിലെ ശുഹൈബിന്‍റെയും പെരിയയിലെ കൃപേഷ്, ശരത് ലാൽ എന്നിവരുടെയും കുടുംബാംഗങ്ങളുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ നിയമപരമായ എല്ലാ സഹായങ്ങളും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി.
തൃശൂരിലെ പരിപാടി കഴിഞ്ഞ് ഉച്ചക്ക് ഒരു മണിയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹെലികോപ്ടർ മാർഗം കണ്ണൂരിൽ എത്തിയത്. കെ. സുധാകരൻ, സണ്ണി ജോസഫ് എംഎൽഎ അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിമാനത്താവളത്തിലെത്തിയ ശുഹൈബിന്‍റെ മാതാപിതാക്കളേയും സഹോദരങ്ങളേയും രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. പത്ത് മിനിറ്റോളം സമയം രാഹുൽ കുടുംബത്തോടൊപ്പം പങ്കുചേർന്നു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും രാഹുലിന്റെ വാക്കുകളിൽ ആശ്വാസമുണ്ടെന്നും ശുഹൈബിന്റെ ബന്ധുക്കൾ പറഞ്ഞു.
ഇതിന് ശേഷമാണ് കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിച്ചത്. ഇരുവീടുകളിലും പതിനഞ്ച് മിനിറ്റ് വീതമാണ് രാഹുല്‍ ചെലവഴിച്ചത്. കൊലപാതകങ്ങളുടെ അന്വേഷണം സിബിഐക്ക് നല്‍കാനുള്ള എല്ലാവിധ സഹായങ്ങളും രാഹുല്‍ ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.