കണ്ണൂര്‍: ലോക്ക് ഡൗണിൽ പൂട്ടിയിട്ട ജ്വല്ലറി തുറന്നപ്പോൾ കണ്ടത് പെരുമ്പാമ്പും 20 മുട്ടകളും. ഞായറാഴ്‌ച രാവിലെ ഉടമ കട തുറന്നപ്പോഴാണ് പയ്യന്നൂർ ടൗണിലെ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്തെ ജ്വല്ലറിയില്‍ മുട്ടകളിട്ട് പെരുമ്പാമ്പ് അടയിരിക്കുന്നത് കണ്ടത്. കെട്ടിടത്തിന്‍റെ പിന്നിലുള്ള മുറിയിൽ പഴയ സാധനങ്ങൾക്കിടയിലാണ് പെരുമ്പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് വൈൽഡ് ലൈഫ് റെസ്‌ക്യൂവര്‍ പവിത്രൻ അന്നൂക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. മൂന്ന് മീറ്റർ നീളവും 24 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്‌ചയായെന്ന് വനം വകുപ്പ് ജീവനക്കാരന്‍ അറിയിച്ചു. വനം വകുപ്പിന്‍റെ സഹായത്തോടെ മുട്ട വിരിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് നിന്നും മറ്റൊരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മലയോരത്ത് നിന്ന് കെട്ടിട നിർമാണത്തിന് കൊണ്ടുവരുന്ന മണലിനൊപ്പമാണ് പെരുമ്പാമ്പ് ടൗണിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.