കണ്ണൂർ : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്‍റെ കുടുംബം. നസീറിന്‍റെ മാതാവ് പണം നൽകുമ്പോൾ കേരളം കണ്ടത് രാഷ്ട്രീയ ചേരി മാറ്റത്തിന്‍റെ സമാനതകളില്ലാത്ത കൗതുകം കൂടിയാണ്. അതേസമയം മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വച്ച് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സിഒടി നസീർ പിന്നീട് അദ്ദേഹത്തിന്‍റെ ആരാധകനായി എന്നത് മറ്റൊരു ചരിത്രം.
നേരിട്ടെത്തി പണം നൽകാനായിരുന്നു നസീറിന്‍റെ ഉമ്മയുടെ തീരുമാനമെങ്കിലും, ആരോഗ്യപ്രശ്‌നങ്ങൾ കാരണം അത് ഒഴിവാക്കുകയായിരുന്നു. ഇതോടെ നസീറിന്‍റെ ഉമ്മ ഓൺലൈനായാണ് സ്ഥാനാര്‍ഥിക്ക് കെട്ടിവയ്‌ക്കാനുള്ള പണം കൈമാറിയത്. ഉമ്മൻ ചാണ്ടി സ്നേഹമുള്ള വ്യക്തിത്വമാണെന്നും അതുകൊണ്ടാണ് പണം കൈമാറിയതെന്നും നസീറിന്‍റെ ഉമ്മ പറഞ്ഞു.
കല്ലേറും മനം മാറ്റവും : ഉമ്മൻ ചാണ്ടി വിടപറഞ്ഞപ്പോൾ സിഒടി നസീർ അതിവൈകാരികമായാണ് അദ്ദേഹത്തെ കുറിച്ചുള്ള അനുഭവങ്ങൾ തുറന്നുപറഞ്ഞത്. കണ്ണൂരിൽ ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണെന്ന് സിഒടി നസീർ വ്യക്തമാക്കിയിരുന്നു. അതിന്‍റെ പ്രായശ്ചിത്തമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരായിരുന്നു തനിക്ക് ഉമ്മന്‍ ചാണ്ടി : എല്ലാ രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്‌തനാണ് ഉമ്മൻ ചാണ്ടി. വേറിട്ട വ്യക്തിത്വമാണ്. അദ്ദേഹത്തിൽ നിന്ന് ഉണ്ടായ അനുഭവം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷമോ വെറുപ്പോ കടന്നുകൂടാതെ ഏതുകാര്യവും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവിനോടും ചെയ്യാൻ പാടില്ലാത്തതാണ് പ്രതിപക്ഷം ഉമ്മൻചാണ്ടിയോട് ചെയ്‌തത്. ബാംഗ്ലൂരിൽ ചികിത്സയിലുള്ള സമയത്ത് പലപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള അക്രമക്കേസിൽ കോടതിവിധിയിൽ കുറ്റക്കാരനാക്കിയ ശേഷവും എനിക്ക് മുന്നോട്ടുപോകാനുള്ള പ്രചോദനമായത് ഉമ്മൻ ചാണ്ടിയുടെ വാക്കുകളാണെന്നും വൈകാരികമായി അദ്ദേഹം അറിയിച്ചു.
മനസാക്ഷി കോടതിയിലാണ് നമ്മൾ വിജയിക്കേണ്ടതെന്ന ഉമ്മൻ ചാണ്ടിയുടെ വാചകം എന്നും ഓർമിക്കപ്പെടേണ്ടതാണ്. എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണുന്ന സമീപനമാണ് അദ്ദേഹത്തിന്‍റേത്. സോളാർ കേസ് വന്നപ്പോഴും അദ്ദേഹം പറഞ്ഞത് എന്‍റെ മനസാക്ഷിയുടെ കോടതിയിൽ ഞാൻ തെറ്റുകാരനല്ല എന്നാണ്. യഥാർഥത്തിൽ സത്യസന്ധമായ വാചകവും ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാകുന്ന ഊർജ്ജവും അതാണെന്നും നസീർ വ്യക്തമാക്കി. മരണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ പോയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം ഇങ്ങനെ: 2013 ഒക്ടോബർ 27 ഞായറാഴ്‌ച വൈകുന്നേരമാണ് സിപിഎം പ്രവർത്തകർ നടത്തിയ കല്ലേറിൽ ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക ടൊയോട്ട ഇന്നോവ കാറിന്‍റെ ചില്ലുകൾ തകർന്ന് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്. സംഭവത്തിൽ മുൻ എംഎൽഎമാരായ കെ.കെ നാരായണൻ, സി.കൃഷ്ണൻ, ബിജു കണ്ടക്കൈ ഉൾപ്പടെ 120 ഓളം പേർക്കെതിരെ അന്ന് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് വിചാരണയും നടന്നു.
ഒടുവിൽ 110 പ്രതികളെ കോടതി വെറുതെ വിടുകയും മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിക്കുകയും ചെയ്‌തു. ഈ കേസില്‍ 18-ാം പ്രതിയാണ് അന്ന് സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറായിരുന്ന തലശ്ശേരി സ്വദേശി സിഒടി നസീർ. സിപിഎം പുറത്താക്കിയെങ്കിലും മറ്റ് രാഷ്ട്രീയ പാർട്ടികളില്‍ ചേരാതെ സിഒടി നസീര്‍, ഉമ്മൻചാണ്ടി ആരാധകനായി സ്വതന്ത്ര നിലപാട് കൈക്കൊണ്ടു.