കണ്ണൂര്‍: ആഡംബര ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. പയ്യന്നൂർ കുന്നരു കാരന്താട് സ്വദേശി ജനാർദനന്‍റെ മകനും മാടായി കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയുമായ ടി.ശ്രീഹരി(20)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരിട്ടി കീഴ്‌പള്ളി സ്വദേശിയും കണ്ണൂരിലെ എൻജിഒ ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ സാരംഗ് ചന്ദ്രനെ(20) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ പുതിയങ്ങാടിയിൽ വെച്ചായിരുന്നു അപകടം. ഇന്നലെ കോളജ് അടച്ചതിന് ശേഷം രണ്ട് ബൈക്കിലായി നാലംഗ സംഘം ചൂട്ടാട് ബീച്ചിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് അപകടം. ശ്രീഹരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ഒരാഴ്‌ച മുമ്പാണ് സാരംഗിന് പിതാവ് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് വാങ്ങി നൽകിയത്. ശ്രീഹരിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.