കണ്ണൂര്‍: കരാറുകാരന്‍റെ അഴിമതി കാരണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം അടച്ചിടേണ്ടി വന്ന പഴയ ബസ് സ്റ്റാന്‍റിലെ പൊതു ശൗചാലയം തുറക്കാൻ സംവിധാനമായി. ആശുപത്രി റോഡിൽ ജൂബിലി റസ്റ്റോറന്‍റിന് എതിർവശത്ത് ഏഴ് വർഷം മുൻപ് ആരംഭിച്ച പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശൗചാലയം ഏതാനും ദിവസങ്ങൾക്കകം വീണ്ടും പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നഗരസഭ തയ്യാറെടുക്കുന്നത്.
ഇതിനായി ഓട്ടോസ്റ്റാന്‍റിനരികെ ഏറെ ആഴവും നീളവും വീതിയുമുള്ള ഭൂഗർഭ ടാങ്ക് പണിതു കഴിഞ്ഞു. ചെത്തുകല്ലിൽ അടിഭാഗം ഉറപ്പിച്ച ടാങ്കിന്‍റെ മേൽ മൂടിയായി വൻ സ്ലാബുകളും സ്ഥാപിച്ചു. ടാങ്കിൽ സെപ്റ്റിക് പൈപ്പ് കൂടി കൂടിച്ചേർത്താൽ ശൗചാലയ സംവിധാനം പൂർത്തിയാവും. ഏറെ മുറവിളികൾക്കൊടുവിൽ ഏഴ് വർഷം മുൻപാണ് പഴയ ബസ് സ്റ്റാന്‍റിൽ നഗരസഭാ അധികൃതർ പൊതു ശൗചാലയം നിർമ്മിച്ചത്. ഇതിനായി കരാറുകാരൻ അന്ന് പണിത സെപ്റ്റിക് ടാങ്ക് ഏതാനും ആഴ്ചകൾക്കകം നിറഞ്ഞതോടെ പ്രവർത്തനം തുടങ്ങി ഒരു മാസത്തിനകം ഇത് അടച്ചിടേണ്ടി വന്നു. ഇത് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നപ്പോൾ കക്കൂസ് ടാങ്കിലെ മാലിന്യങ്ങൾ കരാറുകാരൻ ആരും കാണാതെ ഒരു മഴ നാൾ രാത്രിയിലെത്തി പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടു. ഒടുവിൽ ഇയാളെക്കൊണ്ടു തന്നെ ഇത് തടഞ്ഞാണ് നഗരവാസികളെ അധികൃതർ ദുർഗന്ധത്തിൽ നിന്നും രക്ഷിച്ചത്.