തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനത്തില്‍ അനധികൃതമായി ഇടപെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജിയെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകും. നേതാക്കളുമായി കൂടിയാലോചിച്ച് നാളെ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അനധികൃതമായ ഇടപെടലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് നിയമവിരുദ്ധമായ കത്ത് പുറത്തു വന്നത്. ഇതിലൂടെ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ വ്യക്തമായിട്ടുണ്ട്. ബന്ധുക്കള്‍ക്ക് വേണ്ടി സര്‍വകലാശാല ജോലികള്‍ മാറ്റിവച്ചിരിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
Also Read: വിവാദങ്ങള്‍ അനാവശ്യം, എല്ലാം സുതാര്യം: മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍
സര്‍ക്കാര്‍ സമ്മര്‍ദത്തിനു വഴങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കണ്ണൂര്‍ വിസിയെ നിയമിച്ചത് തെറ്റാണ്. ഇടപെടലുകള്‍ക്ക് ഗവര്‍ണര്‍ വഴങ്ങി കൊടുത്തു. അനാവശ്യമായി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടായപ്പോള്‍ അതിനെ എതിര്‍ക്കാതെ വഴങ്ങുകയാണ് ഗവര്‍ണര്‍ ചെയ്തത്.
സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയ ഗവര്‍ണറും ഇക്കാര്യത്തില്‍ ഒരുപോലെ കുറ്റക്കാരനാണ്. ചാന്‍സലര്‍ പദവിയിലിരിക്കാന്‍ ഗവര്‍ണര്‍ യോഗ്യനാണോ എന്ന് പരിശോധിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.