കണ്ണൂർ : തളിപ്പറമ്പില്‍ പുതുതായി തുടങ്ങുന്ന കുപ്പിവെള്ള ഫാക്‌ടറിക്ക് എതിരെ സമരത്തിനൊരുങ്ങി പരിസ്ഥിതി പ്രവർത്തകരും ഒരുവിഭാഗം പ്രദേശവാസികളും. നരിമടയ്‌ക്ക് സമീപം തുടങ്ങാനിരിക്കുന്ന സ്വകാര്യ സംരംഭകരുടെ ഫാക്‌ടറിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കാടും കുന്നുകളും നിറഞ്ഞ് ഗുഹ പോലുള്ള പ്രദേശമാണ് നാടുകാണി. ഇവിടെ നിന്നുള്ള നീരുറവയാണ് പ്രദേശത്തെ കിണറുകളിലേക്കും അരുവികളിലേക്കുമുള്ള മുഖ്യ ജലസ്രോതസ്സ്.
കുപ്പിവെള്ള ഫാക്‌ടറി ആരംഭിക്കുന്നത് ജലസ്രോതസ്സിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഇവിടെ നിന്നും ഊറ്റിയെടുക്കുന്നത് പ്രകൃതിയ്‌ക്കും ജീവജാലങ്ങള്‍ക്കും അപകടകരമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കുപ്പി വെള്ള യൂണിറ്റ് വന്നാൽ പടപ്പയങ്ങാട്, ബാലുശ്ശേരി പ്രദേശങ്ങളിലെ മൃഗങ്ങൾ ചത്തൊടുങ്ങുമെന്നും കൂടാതെ നൂറുകണക്കിന് പ്രദേശവാസികൾ കുടിവെള്ളം കിട്ടാതെ അലയേണ്ടി വരുമെന്നും പ്രതിഷേധക്കാർ പറയുന്നു. കുപ്പിവെള്ള യൂണിറ്റിന്‍റെ കെട്ടിടം ഉൾപ്പടെ എല്ലാ സജ്ജീകരണങ്ങളും നിലവിൽ ഒരുക്കി കഴിഞ്ഞു. ലൈസൻസ് കിട്ടിയാല്‍ ഉടൻ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാർ മൃഗശാലയ്ക്ക് വേണ്ടി കണ്ടെത്തിയ ഇടം കൂടിയാണ് നാടുകാണി.
ആനിമൽ സഫാരി പാര്‍ക്കിനെതിരെയും പ്രതിഷേധം : തളിപ്പറമ്പില്‍ സര്‍ക്കാര്‍ സ്ഥാപിക്കാനൊരുങ്ങുന്ന സഫാരി പാര്‍ക്കിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന നാടുകാണിയിൽ മൃഗശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കുറുവത്തോട്ടങ്ങളിൽ ഒന്നാണ് നാടുകാണിയിലേത്.
ഇത് നശിപ്പിച്ച് മൃഗശാല സ്ഥാപിക്കാനുള്ള നീക്കവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കിൻഫ്രയിൽ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ച ശേഷം പന്നിയൂർ കൂവേരി,പടപ്പയങ്ങോട് പ്രദേശങ്ങളിൽ കുടിവെള്ളം, ശുദ്ധവായു എന്നിവ മലിനമായിരിക്കുകയാണ്. ഇതിന് ഒരു പരിധിവരെ നാടുകാണി തോട്ടത്തിലെ മരങ്ങൾ ആശ്വാസമാണ്. ഇതെല്ലാം നശിപ്പിച്ചാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത് എന്നതാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ സഫാരി പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നതിലെ സാധ്യതകളെല്ലാം മുന്നിൽ കണ്ടാണ് കുപ്പിവെള്ള കമ്പനി തുടങ്ങാന്‍ സ്വകാര്യ സംരംഭകർ രംഗത്തെത്തിയത്. നാടുകാണിയിൽ പ്ലാന്‍റേഷൻ കോർപറേഷന്‍റെ 265 എക്കർ സ്ഥലത്ത് മൃഗശാലയും സഫാരി പാർക്കും മ്യൂസിയവും സ്ഥാപിക്കാനാണ് പദ്ധതി. കൃഷി വകുപ്പിൽ നിന്ന് ഭൂമി കൈമാറുന്നത് അടക്കമുള്ള നടപടികൾക്കും വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾക്കുമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
തോട്ടത്തിന്‍റെ ഭാഗമായ തൊഴിലാളികൾക്ക് കൂടി സഫാരി പാർക്കിൽ ജോലി ഉറപ്പാക്കി ഭൂമി കൈമാറ്റത്തിനുള്ള എതിർപ്പ് മറികടക്കുന്ന കാര്യമാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്. മൃഗശാല അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് സ്ഥലം സഫാരി പാർക്കിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. കേന്ദ്ര നിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കർ ഭൂമിയാണ് വേണ്ടത്. സഫാരി പാർക്ക് സ്ഥാപിക്കാൻ 50 മുതൽ 75 വരെ ഏക്കർ ഭൂമി വേണം. മുന്നൂറോളം ഏക്കർ ഉള്ളതാണ് നാടുകാണിയിലെ തോട്ടം ഭൂമി.
ആലക്കോട് സർക്കാർ എസ്റ്റേറ്റ് എന്ന ഭൂമി 2023ൽ ആദിവാസികൾക്ക് പതിച്ചുനൽകാനായി സർക്കാർ ഏറ്റെടുത്തു. പ്ലാന്‍റേഷൻ കോർപറേഷന്‍റെ കീഴിലുള്ള സ്ഥലത്ത് ഇപ്പോൾ ഔഷധ സസ്യങ്ങളാണ് ഏറെയുള്ളത്. ഫല വർഗങ്ങളും സുഗന്ധ ദ്രവ്യങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ചപ്പാരപ്പടവ് കുറുമാത്തൂർ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നതാണ് തോട്ടം. സഫാരി പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത് ആവാസ വ്യവസ്ഥയില്‍ അടക്കം പ്രതികൂല മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.