കണ്ണൂര്‍: റെയില്‍വേ ഭൂമി സ്വകാര്യവത്‌കരിക്കുന്നതിനും കണ്ണൂര്‍ നഗരത്തിന്‍റെ വികസന സാധ്യതകള്‍ അട്ടിമറിക്കുകയും ചെയ്യുന്നതിനെതിരായ പ്രതിഷേധം ശക്തമാവുന്നു. ജനുവരി 24-ാം തിയതി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പിന്നാലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെ സമരം ചൂടുപിടിക്കുകയാണ്.
'റെയിൽവേ വളർച്ച, പാളത്തിൽ ഒതുക്കില്ല': കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 7.19 ഏക്കർ ഭൂമി 45 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയതിനെതിരെയാണ് പ്രതിഷേധം. 24-ാം തിയതി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കണ്ണൂര്‍ എംപി കെ സുധാകരനാണ് ഉദ്‌ഘാടനം ചെയ്‌തത്. റെയിൽ ലാൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (ആര്‍എൽഡിഎ) ഈ പ്രവൃത്തി, കണ്ണൂരിലെ വികസന സാധ്യതയെ തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. സ്വകാര്യ ഗ്രൂപ്പ് ഷോപ്പിങ് കോംപ്ലക്‌സും മാളും പണിയുമ്പോൾ കണ്ണൂരിന്‍റെ റെയിൽവേ വളർച്ച, പാളത്തിൽ ഒതുങ്ങുമെന്ന് കണ്ണൂരിലെ എല്‍ഡിഎഫ് - യുഡിഎഫ് ജനപ്രതിനിധികൾ ഒന്നടങ്കം പറയുന്നു.
സ്റ്റേഷന്‍റെ പടിഞ്ഞാറുഭാഗം 4.93 ഏക്കർ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി. കിഴക്കുഭാഗത്ത് 2.26 റെയിൽവേ ക്വാട്ടേഴ്‌സ് കോളനി നിർമാണത്തിലാണ്. 24.63 കോടിക്കാണ് സ്ഥലം പാട്ടത്തിന് എടുത്തത്. പാട്ടത്തിന് നൽകുമ്പോൾ നിരവധി റെയിൽവേ വികസന പദ്ധതികളാണ് അവതാളത്തിൽ ആവുന്നത്. മിനി പ്ലാറ്റ്‌ഫോം നിർമാണം എവിടെയും എത്താതെ അവസാനിക്കും. മംഗളൂരു ഭാഗത്തേക്ക് ചെറിയ പ്ലാറ്റ്‌ഫോം നിർമിച്ചാൽ ചെറിയ വണ്ടികൾ ഇടാനും യാത്രക്കാർക്ക് കയറാനും കഴിയുമായിരുന്നു എന്നാൽ, ഇനി അതും നടക്കില്ല. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സൗകര്യം നിലവിൽ വളരെ പരിമിതമാണ്. വാണിജ്യ കെട്ടിട സമുച്ചയം വരുമ്പോൾ അത് പിന്നെയും കുറയുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
റോഡ് വീതികൂട്ടലിന് തിരിച്ചടിയാവും: നാലാം പ്ലാറ്റ്‌ഫോമിന് ബിപിസിഎൽ സംഭരണശാലയാണ് നിലവിലെ തടസം. പടിഞ്ഞാറുഭാഗത്ത് കെട്ടിടസമുച്ചയം കൂടി വരുമ്പോൾ ഇനി അതേപ്പറ്റി ചിന്തിക്കേണ്ടി വരില്ല. പടിഞ്ഞാറ് ഭാഗത്ത് വാണിജ്യ സമുച്ചയം ഉയരുമ്പോൾ റോഡിന് വീതി കൂട്ടാനും ആകില്ല. മുനീശ്വരൻകോവിൽ മുതൽ തവക്കര പുതിയ ബസ് സ്റ്റാന്‍ഡില്‍ സമീപം വരെ ഗതാഗത കുരുക്ക് അതിരൂക്ഷമാകും. ഈ റോഡിന് സമാന്തരമായി ഇനി വീതി കൂട്ടാൻ ലഭ്യമായ ഏക സ്ഥലം റെയിൽവേയുടെതാണ്. എന്നാൽ, സ്വകാര്യ കമ്പനിക്ക് ഈ സ്ഥലം കൊടുക്കുന്നതോടെ റോഡ് വീതി കൂട്ടൽ പൂർണമായും നിലയ്‌ക്കും.
റെയിൽവേയുടെ ഭൂസ്വത്തുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംരക്ഷണ സമിതി രൂപീകരിച്ച് ഇതിനകം സമരവും തുടങ്ങിയിട്ടുണ്ട്. 24-ാം തിയതി കൗണ്‍സിലര്‍മാര്‍ നടത്തിയ സമരത്തില്‍ വി ശിവദാസന്‍ എംപി, പി സന്തോഷ് കുമാര്‍ എംപി, കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ, കെവി സുമേഷ് എംഎല്‍എ, അഡ്വ. സജീവ് ജോസഫ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച്, റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന പ്രതിഷോധ യോഗത്തിന് ശേഷമാണ് പിരിഞ്ഞത്.