പയ്യന്നൂര്‍: തീരദേശ ഹൈവേയുടെ അലൈൻമെന്‍റ് പുതുക്കിയതോടെ രാമന്തളി വരക്കീൽ ശ്രീധർമശാസ്‌താ കാവ് ഇല്ലാതാകുമെന്ന് ആക്ഷേപം. പുരാതനമായ കാവും ജൈവ വൈവിധ്യവും നശിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. രാമന്തളി വരക്കീൽ കാവിൽ ഈ വർഷത്തെ കളിയാട്ടം കാണാനെത്തിയത് നൂറുകണക്കിനാളുകളാണ്.
നരമ്പിൽ ഭഗവതിയും മടയിൽ ചാമുണ്ഡിയേയും വേട്ടയ്‌ക്കൊരുമകനെയുമെല്ലാം കണ്ട് വിശ്വാസികൾ സംതൃപ്‌തരായി തിരിച്ചു പോയി. പക്ഷേ, തീരദേശ ഹൈവേയ്ക്കായി സർവേ ചെയ്‌ത് കുറ്റിയടിച്ച പുരാതനമായ ഈ കാവിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഭഗവതിമാർ ഉറഞ്ഞാടുന്ന തെയ്യാട്ടക്കളവും മരങ്ങളും വള്ളിപ്പടർപ്പുകളും ഇടിച്ചു നിരത്താനാണ് തീരദേശ ഹൈവേ അധികൃതരുടെയും സംസ്ഥാന സർക്കാരിന്‍റെയും നീക്കം.
ആർക്കും ബുദ്ധിമുട്ടില്ലാത്ത മറ്റൊരു അലൈൻമെന്‍റിന് ഭൂമി വിട്ടുകൊടുക്കാൻ തങ്ങൾ സന്നദ്ധരാണെന്നറിയിച്ചിട്ടും കാവ് വെട്ടി റോഡ് നിര്‍മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. സ്വാധീനശേഷിയുള്ള ചിലർക്കു വേണ്ടി മുൻപ് അലൈൻമെന്‍റ് മാറ്റപ്പെട്ടിരുന്നതായി കമ്മറ്റി ഭാരവാഹികൾ ആരോപിക്കുന്നു. പക്ഷേ, നരമ്പിൽ ഭഗവതിക്കു മുന്നിൽ മാത്രം അധികാരികൾ കനിഞ്ഞില്ല.
പുതിയ അലൈൻമെന്‍റിന് പിന്നിൽ ചിലരുടെ ടൂറിസം താത്‌പര്യങ്ങളും സംഘടിത സാമ്പത്തിക ലക്ഷ്യങ്ങളും കൂടിയുണ്ടെന്നും ആക്ഷേപമുണ്ട്. തീരദേശ റോഡ് വികസനത്തിനായി വർഷങ്ങൾക്കു കാവു വെട്ടി വഴിയൊരുക്കി നൽകിയവരാണ് വരക്കീൽ കാവിന്‍റെ നടത്തിപ്പുകാർ. വികസനത്തിന് തങ്ങൾ ഒരിക്കലും എതിരല്ലെന്നും, പക്ഷേ കാവാകെ ഉന്മൂലനം ചെയ്യുന്നത് സമ്മതിക്കാനാകില്ലെന്നും ഇവർ പറയുന്നു.
അലൈന്‍മെന്‍റ് മാറ്റാനായി ശക്തമായ സമരപരിപാടികൾക്കൊരുങ്ങുകയാണ് കാവു കമ്മറ്റിയും നാട്ടുകാരും.