കണ്ണൂര്‍: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി നാല് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, സ്വകാര്യ ബസുകളിലും കെഎസ്ആർടിസിയിലും ഒരേ കൺസഷൻ സമ്പ്രദായം നടപ്പിലാക്കുക, പൊതുമേഖലയെയും സ്വകാര്യ മേഖലയെയും ഒരുപോലെ സംരക്ഷിക്കുന്ന നിലയിൽ സമഗ്ര ഗതാഗത നയം രൂപീകരിക്കുക, പ്രവർത്തന ചിലവിന്‍റെ വർധനവിന് ആനുപാതികമായി ബസ് ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്.
സംസ്ഥാനത്തുണ്ടായിരുന്ന 34,000 ബസുകൾ ഇന്ന് 12,000 ആയി കുറഞ്ഞു. യാത്രക്കാരിൽ 60 ശതമാനത്തിലധികവും വിദ്യാർഥികളാണ്. അതുകൊണ്ട് തന്നെ വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണം. യാത്രക്കാരുടെ മിനിമം ചാർജ് പത്ത് രൂപയാക്കി വർധിപ്പിക്കണമെന്നാണ് ബസ് മുതലാളിമാരുടെ ആവശ്യം. എം.വി വത്സലന്‍, രാജ് കുമാർ കരുവരാത്ത്, പി.കെ പവിത്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.