കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുങ്ങി കണ്ണൂര്‍ ജില്ല. 16ന് തുടങ്ങി 19 ന് അവസാനിക്കുന്ന മേളയുടെ ലോഗോ പ്രകാശനം നടന്നു. കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിലാണ് ഇക്കൊല്ലം മേള നടക്കുന്നത്. 98 ഇനങ്ങളിലാണ് മത്സരം നടക്കുക. അതീവ സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മേളയായതിനാല്‍ മത്സരാർത്ഥികളും നടത്തിപ്പുകാരുമടക്കം കായികോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാവരേയും ഇന്‍ഷൂര്‍ ചെയ്‌തിട്ടുണ്ട്. 3500ലധികം പേരെയാണ് മേളയ്ക്ക് പ്രതീക്ഷിക്കുന്നത്.
മേള കാണാനെത്തുന്നവര്‍ക്കായി താൽക്കാലിക ഗ്യാലറിയും സജ്ജീകരിക്കുന്നുണ്ട്. ഹാമർ, ഡിസ്‌ക്, ജാവലിൻത്രോകൾക്ക് അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡപ്രകാരമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹാമർ സർക്കിൾ മിനുസപ്പെടുത്തുന്ന പണി അവസാന ഘട്ടത്തിലാണ്.
അപകടം ഒഴിവാക്കാൻ ഹാമർ, ഡിസ്‌ക്, ജാവലിൻ മത്സരങ്ങൾ ഒരേ സമയം നടത്തില്ലെന്ന് സംഘാടക സമിതി വൈസ് ചെയർമാൻ ജോസഫ് പി.ടി പറഞ്ഞു. മത്സര നടത്തിപ്പിനായി മുന്നൂറോളം ഉദ്യോഗസ്ഥരെയാണ് ആവശ്യം. അത്‌ലറ്റിക് അസോസിയേഷനും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സർവകലാശാലകളുമാണ് ആവശ്യമായ ഉദ്യോഗസ്ഥരെ നൽകുക. സ്‌റ്റേഡിയത്തിലെ പവലിയന് തൊട്ടുടുത്ത് 100 ബെഡ്ഡുള്ള മെഡിക്കൽ സൗകര്യവും ഒരുക്കുന്നുണ്ട്.