കണ്ണൂര്‍: ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഗുണ്ടാ ലിസ്റ്റ് തയ്യാറാക്കുന്നു. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാഷ്‌ട്രീയ അക്രമത്തില്‍ പങ്കാളികളായ ആളുകളുടെ ലിസ്റ്റെടുത്ത് അവരെ നിരന്തരം വീടുകളില്‍ നിരീക്ഷിക്കാനാണ് തീരുമാനം. അതാത് പൊലീസ് സ്റ്റേഷനുകളിലാണ് പട്ടിക തയ്യാറാക്കുക. പട്ടികയിലുള്‍പ്പെട്ടവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. നേരത്തെ കേസിലുള്‍പ്പെട്ടവര്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.
വെഞ്ഞാറമുട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും അക്രമ സംഭവങ്ങളുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് നടപടി. കതിരൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായതും പ്രദേശത്ത് നടത്തിയ പരിശോധനയില്‍ പുഴയോട് ചേര്‍ന്ന തോട്ടില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയതും പൊലീസ് അന്വേഷിച്ച് വരികയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്.