കണ്ണൂർ : 'ചേച്ചി ഇങ്ങോട്ട് വാ, ഇവരെ അങ്ങോട്ട് പിടിച്ചെ...'- കെഎസ്‌യുവിന്‍റെ വനിത പ്രതിഷേധക്കാരെ അറസ്റ്റുചെയ്‌ത് വാഹനത്തില്‍ കയറ്റാന്‍ വഴിയാത്രികയെ ഏൽപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിനിടെയാണ് വിചിത്രമായ സംഭവം. പ്രതിഷേധക്കാരെ നേരിടാൻ എത്തിയ സംഘത്തില്‍ വനിത പൊലീസ് ഇല്ലാതെ വന്നപ്പോഴായിരുന്നു അറ്റകൈ പ്രയോഗം.
രണ്ട് വനിത പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ മറ്റുമാർഗങ്ങൾ ഇല്ലാതെ വന്നപ്പോൾ വഴിയാത്രികയോട് പ്രവർത്തകരെ പിടികൂടി ജീപ്പിൽ കയറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം അവര്‍ പെണ്‍കുട്ടികളെ വാഹനത്തിലേക്ക് കയറ്റാന്‍ പൊലീസിനെ സഹായിച്ചു. അതിന് ആ സ്ത്രീക്ക് ചില്ലറ ബലപ്രയോഗം നടത്തേണ്ടിയും വന്നു.