കണ്ണൂർ : പരിയാരത്ത് കോൺട്രാക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അവസാന പ്രതിയെയും പിടികൂടി പരിയാരം പൊലീസ്. നീലേശ്വരം സ്വദേശി ബാബുരാജിനെയാണ് എസ്ഐ കെ.വി സതീശന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
അതോടെ കേസിൽ ക്വട്ടേഷൻ നൽകിയ സ്ത്രീ ഉൾപ്പടെയുള്ള 8 പേരും പൊലീസ് പിടിയിലായി. ബാബു കൈതപ്രത്ത് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഏപ്രില്‍ 19ന് രാത്രിയാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്‌ടര്‍ പി.വി സുരേഷ് ബാബുവിനെ നാലംഗ സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാസങ്ങള്‍ നീണ്ട പൊലീസ് അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിലായതോടെയാണ് സ്ത്രീ നൽകിയ ക്വട്ടേഷന്‍റെ കഥ പുറത്ത് വരുന്നത്.
Also Read: 'കനയ്യ പാർട്ടിയെ വഞ്ചിച്ചു' ; വിമർശനവുമായി ഡി രാജ
പൊലീസുകാരനായ ഭർത്താവിന്‍റെ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ കേരള ബാങ്ക് ഉദ്യോഗസ്ഥയായ കാനായി സ്വദേശി സീമ പഴയങ്ങാടി സ്വദേശികളായ രതീഷ്, ജിഷ്‌ണു, അഭിലാഷ് എന്നിവരെ 3 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഏൽപ്പിച്ചു. എന്നാൽ ഇവർ ക്വട്ടേഷൻ നീലേശ്വരം സ്വദേശികളായ പി.സുധീഷ്, കൃഷ്‌ണദാസ്, അഖിൽ, ബാബു എന്നിവര്‍ക്ക് കൈമാറി.
നീലേശ്വരം സ്വദേശികളാണ് സംഭവത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഉപയോഗിച്ചിരുന്ന കാറും വെട്ടാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിരുന്നു.
കേസിൽ നേരിട്ട് പങ്കുള്ള ബാബു കൂടി പിടിയിലായതോടെ ക്വട്ടേഷൻ സംഘത്തെ മുഴുവൻ വലയിലാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. അറസ്റ്റിലായ പലരും മുൻപും കൊലപാതകം അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടവരാണ്.