കണ്ണൂർ: മമ്പറം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. രാവിലെ 9.30ന് ഓൺലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്‍റെ ഉദ്ഘടനം നിർവഹിച്ചത്. മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. കണ്ണൂർ- കൂത്തുപറമ്പ് റോഡിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ ധർമ്മടം മണ്ഡലത്തിലെ പെരളശേരി-വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പഴയ മമ്പറം പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാര്‍ഥ്യമായത്.
മമ്പറം പാലം നിർമിക്കാനുള്ള ടെൻഡർ നടപടികൾ ഏഴ് വർഷം മുമ്പ് പൂർത്തിയാക്കിയിരുന്നെങ്കിലും അപ്രോച്ച് റോഡ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം നിർമാണം വൈകുകയായിരുന്നു. 2018ൽ ആണ് അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്ത് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ഉൾനാടൻ ജലപാത വികസനത്തിന്‍റെ ഭാഗമായി മമ്പറം പുഴയിലൂടെ ജലഗതാഗതം ഉണ്ടാകുമെന്ന നിർദേശത്തിൽ പാലത്തിന്‍റെ സ്‌കെച്ച് പുതുക്കുന്നത് വൈകിയതും പ്രളയവും കൊവിഡുമെല്ലാം നിർമാണം വീണ്ടും വൈകിപ്പിച്ചു. 287 മീറ്ററാണ് പാലത്തിന്‍റെ നീളം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.