കണ്ണൂർ: മലയോര മേഖലയിലെ കശുമാവുകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പായം പഞ്ചായത്തിൽ മാത്രം പത്ത് ഹെക്ടറോളം സ്ഥലത്താണ് കശുമാവിന് കൊമ്പുണങ്ങൽ രോഗം ബാധിച്ചിരിക്കുന്നത്.പ്രളയകാലത്തിന് ശേഷം കശുമാവ് കൃഷിയിൽ പ്രതീക്ഷയർപ്പിച്ച കർഷകര്‍ ഇതോടെ കടക്കെണിയിലായിരിക്കുകയാണ്. ബഡ് കശുമാവിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. മലയോര മേഖലയിലെ ഉളിക്കൽ, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, ഏരുവേശ്ശി, ആലക്കോട്, പയ്യാവൂർ പഞ്ചായത്തുകളിലും കശുമാവ് രോഗം ബാധിച്ച് ഉണങ്ങുകയാണ്. ജലലഭ്യതക്കുറവാണ് മരങ്ങൾ ഉണങ്ങാൻ കാരണമെന്ന നിഗമനത്തില്‍ മണ്ണില്‍ ജലസേചനം നടത്തിയിട്ടും ഫലമുണ്ടായില്ല. സ്ഥലത്തെത്തിയ കൃഷി വിദഗ്‌ധരാണ് ഏറെ അപകടകാരിയായ തേയിലക്കൊതുകിന്റെ ആക്രമണമാണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്.
തേയിലക്കൊതുകുകളെ പൂർണമായും നിയന്ത്രിച്ചാൽ മാത്രമേ രോഗബാധയിൽ നിന്നും കശുമാവിനെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. കശുമാവിലെ തേയിലക്കൊതുകുകൾ നീരുറ്റിയെടുത്ത മുറിവുകളിൽ, കുമിൾ ആക്രമിച്ച് രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിനെ നേരിടാൻ ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ഗ്രാം കോപ്പർ ഓക്സി ക്ലോറൈഡും രണ്ട് മില്ലിഗ്രാം ക്വിനാൽഫോസും കലക്കി തളിക്കണം. രോഗലക്ഷണം കാണുന്ന തോട്ടങ്ങളിൽ മുൻകൂറായി ലായനി തളിക്കണമെന്നും കൃഷി ഓഫീസർ സുനിൽ കുമാർ പറഞ്ഞു.
ഈ മേഖലയിലുണ്ടായ കാർഷിക നാശനഷ്‌ടത്തിന് പരിഹാരം കാണുന്നതിനായി കൃഷി മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കർഷകർ. പായം പഞ്ചായത്തിലെ മട്ടിണിയിൽ രോഗം ബാധിച്ച കശുമാവിൻ തോട്ടങ്ങളിൽ പായം കൃഷി ഓഫീസർ സുനിൽ കുമാർ, മട്ടിണി വാർഡ് മെമ്പർ പി.എൻ.സുരേഷ്, മികച്ച കർഷകനുള്ള അവാർഡ് നേടിയ രാജു കയ്യാലത്ത്, സുധാകരൻ വട്ടച്ചാലിൽ എന്നിവർ സന്ദർശിച്ചു.