ഇടുക്കി : പീരുമേട് മണ്ഡലത്തില്‍ വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരുവിഭാഗം നേതാക്കള്‍ വീഴ്ച വരുത്തിയെന്ന് സിപിഐ വിലയിരുത്തല്‍. ഇക്കാര്യം പരിശോധിക്കാന്‍ മൂന്നംഗ കമ്മിഷനെ പാര്‍ട്ടി ജില്ല എക്‌സിക്യുട്ടീവ് നിയോഗിച്ചു.
വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായിരുന്ന പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം മാത്യു വര്‍ഗീസ് അവതരിപ്പിച്ച പത്ത് പേജ് വരുന്ന റിപ്പോര്‍ട്ടില്‍ മണ്ഡലത്തിലെ പ്രധാന നേതാക്കള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ഇ.എസ്.ബിജിമോളുടെ നിലപാട് പാര്‍ട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിച്ചു. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ബൂത്തുതലത്തില്‍ നടന്ന ശക്തമായ പ്രചാരണവും എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായ തരംഗവുമാണ് മണ്ഡലം നിലനിര്‍ത്തുന്നതിന് ഇടയാക്കിയത്.
തോട്ടം മേഖലയിലെ വാഴൂര്‍ സോമന്‍റെ സ്വാധീനവും തമിഴ്തോട്ടം തൊഴിലാളികളുടെ ഇടയിലെ സ്വീകാര്യതയുമാണ് വിജയത്തിന് സഹായകരമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Also read: പി.എസ്.സി പ്രവര്‍ത്തനം നടപടി ക്രമമനുസരിച്ച് മാത്രം: എം.കെ സക്കീര്‍
എന്നാല്‍ ബിജിമോള്‍ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിച്ചുനല്‍കിയ കാര്യം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ജില്ല എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രിന്‍സ് മാത്യു, ടി.എം. മുരുകന്‍, ജില്ല കൗണ്‍സില്‍ അംഗം ടി.വി.അഭിലാഷ് എന്നിവരാണ് കമ്മിഷനിലെ അംഗങ്ങള്‍. മൂന്നംഗ കമ്മിഷന്‍ വേട്ടുകണക്കുകളടക്കം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.