കണ്ണൂര്‍: പയ്യന്നൂർ നഗരവും തീരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. ഉപ്പുസത്യഗ്രഹ സ്‌മൃതികളുറങ്ങുന്ന ഉളിയത്തുകടവിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് - മയക്കുമരുന്ന് റാക്കറ്റുകൾ സജീവമാണ്. ഈ പ്രദേശങ്ങളിലെ വിജനമായ മൈതാനങ്ങളും ഉളിയത്തുകടവ് പാർക്കും കണ്ടൽക്കാടുകളും മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും വിൽപനക്കാർക്കും സുരക്ഷിത താവളങ്ങളാണെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
തായിനേരിയിൽ സ്‌കൂട്ടർ കത്തിച്ചതില്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ പ്രദേശവാസി രഞ്ജിത്തും നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരുമെല്ലാം മാസങ്ങൾക്ക് മുൻപേ പരാതി ഉന്നയിച്ചിരുന്നു. പ്രദേശവാസികളുടെ സഹകരണത്തോടെ മയക്കുമരുന്ന് സംഘങ്ങളെ നേരിടാനാണ് പയ്യന്നൂര്‍ പൊലീസിന്‍റെ നീക്കം.
MORE READ| സ്‌കൂട്ടർ കത്തിച്ചത് മയക്കുമരുന്ന് സംഘത്തിന്‍റെ കുടിപ്പക; പയ്യന്നൂരില്‍ രണ്ടുപേര്‍ പിടിയില്‍
പയ്യന്നൂർ തായിനേരിയിലെ എംആർസിഎച്ച് സ്‌കൂളിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ സെപ്‌റ്റംബര്‍ 12 ന് പുലർച്ചെയാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. തായിനേരി സ്വദേശി അയിഷയുടെ ഉടമസ്ഥതയിലുള്ള KL 59 L 4227 നമ്പർ സ്‌കൂട്ടറാണ് കത്തിനശിച്ചത്. സംഭവത്തില്‍ തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി റഹ്മാൻ, പയ്യന്നൂർ കേളോത്തെ ദിൽഷാദ് എന്നിവരെ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 14) പിടികൂടിയിരുന്നു. ഉളിയത്തുകടവ് മേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.