കണ്ണൂർ: പട്ടികജാതി വികസനത്തിൻ്റെ പേരിൽ നടപ്പിലാക്കിയ ജൈവഗ്രാമം പദ്ധതി വഴി പയ്യന്നൂർ നഗരസഭ ഒരു കോടിയിലേറെ രൂപ പാഴാക്കിയെന്ന് ആക്ഷേപം. പട്ടികജാതി വിഭാഗക്കാർക്ക് കൃഷിയനുബന്ധ മേഖലയിലൂടെ തൊഴിൽ നൽകാൻ എന്ന പേരിലാണ് 2012ൽ ഭൂമി ഏറ്റെടുത്ത് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും ഒരൊറ്റ തൊഴിൽ പോലും നൽകാൻ പദ്ധതി വഴി സാധിച്ചിട്ടില്ല. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 2011-12 സാമ്പത്തിക വർഷത്തിലാണ് പട്ടികജാതി വിഭാഗക്കാർക്ക് വേണ്ടി പയ്യന്നൂർ നഗരസഭ ജൈവ ഗ്രാമം പദ്ധതി ആരംഭിക്കുന്നത്.
കൃഷി, കന്നുകാലി വളർത്തൽ എന്നിവ വഴി തൊഴിൽ നൽകാനായിരുന്നു പദ്ധതി. കുന്നിൻ മുകളിലെ പാറ നിറഞ്ഞ ഏഴേക്കർ ഭൂമിയാണ് ഇതിനായി നഗരസഭ ഏറ്റെടുത്തത്. കൃഷിക്കും കന്നുകാലി വളർത്തലിനുമായി ഏറെക്കുറേ ഭൂമി വാങ്ങാനായി നഗരസഭ നീക്കിവച്ചത് 85 ലക്ഷത്തോളം രൂപയാണ്.
പിന്നീട് 2013നും 2017നും ഇടയിൽ പദ്ധതി സ്ഥലത്തേക്ക് റോഡ് നിർമാണവും ഡ്രെയ്നേജ് നിർമാണവുമെല്ലാം നടന്നു. നിലവിൽ ഇവിടെ രണ്ട് കെട്ടിടങ്ങളും കുഴൽക്കിണറും പമ്പ് ഹൗസും ഉണ്ട്. പക്ഷേ എല്ലാം കാടുമൂടിയ നിലയിലാണ്. ഒരാൾക്കും തൊഴിലും ലഭിച്ചില്ല, കൃഷിയും നടത്തിയില്ല. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇന്ന് ഈ കെട്ടിടങ്ങൾ. നിലവിൽ പദ്ധതി പാതിവഴിയിൽ നഗരസഭ ഉപേക്ഷിച്ച സ്ഥിതിയാണ്.