കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ പയ്യാമ്പലത്ത് കോർപ്പറേഷൻ ഇടപെട്ട് സ്ഥലം കണ്ടെത്തി.ശ്മശാനത്തിന്‍റെ സമീപത്ത് കൂട്ടിയിട്ട മണലും മറ്റും നീക്കിയാണ് കോർപ്പറേഷൻ സ്ഥലം കണ്ടെത്തിയത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിരുന്നു. അഞ്ച് മൃതദേഹം മാത്രം സംസ്കരിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
കൊവിഡ് മരണം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ സ്ഥല പരിമിതിയുണ്ടെന്ന പരാതിയെ തുടർന്ന് കോർപ്പറേഷൻ ഇടപെട്ട് സ്ഥലം അനുവദിക്കുകയായിരുന്നു. ഇപ്പോൾ കണ്ടെത്തിയ സ്ഥലത്ത് 12 ഓളം മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കാൻ കഴിയുമെന്ന് കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: കൊവിഡ് വ്യാപനം : കണ്ണൂർ സെൻട്രൽ ജയിലിൽ ഫ്രീഡം ഫുഡ് നിര്‍ത്തി
കോർപ്പറേഷൻ പരിധിയിൽപ്പെട്ടവരെ മാത്രം സംസ്കരിക്കാനുള്ള സ്ഥലമാണ് പയ്യാമ്പലം. എന്നാൽ ഇതിന് നിയന്ത്രണം വെക്കില്ലെന്നും മൃതദേഹം സംസ്കരിക്കുന്നതിനാവശ്യമായ സൗകര്യം ഇനിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കോർപ്പറേഷൻ പരിധിയിൽ രോഗികൾ കുറവാണ്.
സെൻട്രൽ ജയിലിൽ രോഗികൾ വർധിച്ചതാണ് ടെസ്റ്റ് പോസിറ്റീവിറ്റി വർധിക്കാൻ കാരണമായത്. കോർപ്പറേഷൻ പരിധിയിലെ എല്ലാ ഡിവിഷനുകളിലും ജാഗ്രത സമിതി രൂപീകരിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതികൾ നടക്കുന്നുണ്ട്. വാക്സിനേഷൻ ക്ഷാമം നേരിടുന്നുണ്ട്. വാക്സിൻ ഉടൻ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചതെന്ന് മേയർ പറഞ്ഞു. വാക്സിനെത്തിയാൽ 50% വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയർ പറഞ്ഞു.