കണ്ണൂര്‍: പയ്യന്നൂർ മൃഗാശുപത്രിയിൽ രാത്രി ചികിത്സ നിലച്ചിട്ട് മാസങ്ങളായി. സേവനങ്ങൾ പ്രതീക്ഷിച്ച് ആശുപത്രിയിൽ എത്തിയാൽ മിക്കദിവസങ്ങളിലും ഡോക്ടറുടെ സേവനം ഇല്ലാത്ത അവസ്ഥയാണ്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തായിരുന്നു സംസ്ഥാനത്തെ തെരഞ്ഞെടുത്ത 26 മൃഗാശുപത്രികളിൽ ഒന്നായി പയ്യന്നൂരിലെ 'വിളക്ക് അണയാത്ത' മൃഗാശുപത്രിയുടെ ഉദ്ഘാടനം നടന്നത്.
ക്ഷീരകർഷകർക്ക് ആശ്വാസമായിരുന്നു പയ്യന്നൂരിലെ മൃഗാശുപത്രി. പക്ഷേ നിലവിൽ ആശുപത്രിയുടെ പ്രവർത്തനം പരിതാപകരമാണ്. 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കേണ്ട ഇവിടെ രാത്രിയായാല്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ല.
രാത്രികാലങ്ങളില്‍ ഫോണ്‍ എടുക്കാന്‍ പോലും ആവശ്യമായ ജീവനക്കാർ പോലും നിലവിൽ ആശുപത്രിയില്‍ ഇല്ല. കന്നുകാലികൾക്ക് രാത്രിയിൽ ഉണ്ടാകുന്ന രോഗങ്ങൾ, പ്രസവം തുടങ്ങിയവയ്ക്ക് യഥാസമയം കിട്ടിക്കൊണ്ടിരിക്കുന്ന ചികിത്സ നിർത്തിയത് ക്ഷീരകർഷകർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്. ആശുപത്രിയിലെ ഡോക്ടർമാരില്‍ ഒരാള്‍ സമീപപ്രദേശങ്ങളിലെ ആശുപത്രിയിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്.
ഡോക്ടറുടെ കുറിപ്പടിയിലെ മരുന്നുകളും ഫാർമസിയിൽ കിട്ടാതെയായിട്ട് മാസങ്ങളായി. ക്ഷീരകർഷകർക്ക് പുറമേ കോഴിയെ വളർത്തുന്നവരും ഈ ആശുപത്രിയിലാണ് പ്രധാനമായും ആശ്രയിക്കുന്നത്. മൃഗ സംരക്ഷണത്തിനായി സർക്കാർ നിരവധി പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് ഇതൊന്നും ലഭ്യമാകുന്നില്ല എന്ന പരാതിയും ഉയർന്നു വരുന്നുണ്ട്. അടിയന്തരമായി ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ച് രാത്രി ചികിത്സാസൗകര്യം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.