കണ്ണൂർ: തളിപ്പറമ്പ് കോടതിക്ക് സമീപം വീട്ടിൽ നിർത്തിയിട്ട കാർ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ആറ് മാസം കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താനാവാതെ പൊലീസ്. സ്കൈ ഇമ്പേക്സ് സ്ഥാപനയുടമ ചട്ടീരകത്ത് അലിപ്പിയുടെ കെ എല്‍ 18 ക്യു-7010 ഹ്യുണ്ടായി ക്രീറ്റ കാറാണ് കഴിഞ്ഞ ഡിസംബർ നാലിന് പുലർച്ചെ അജ്ഞാതർ കത്തിച്ചത്.
സംഭവം നടക്കുമ്പോൾ രണ്ടുപേർ ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെട്ടതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും കേസിൽ ഒരു തുമ്പും തളിപ്പറമ്പ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി അന്വേഷണ ഉദ്യോസ്ഥർ മാറിയതോടെ കേസ് എങ്ങുമെത്താതെയായി. കാര്യക്ഷമമായുള്ള അന്വേഷണം നടത്തണമെന്ന ആവശ്യവുമായി റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മക്ക് പരാതി നൽകുമെന്ന് കാർ ഉടമ പറഞ്ഞു. തെരഞ്ഞെടുപ്പും കൊവിഡ് വ്യാപനവും കാരണമാണ് അന്വേഷണം തുടരാൻ സാധിക്കാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
Read more: കുണ്ടറയിലെ കാർ കത്തിക്കൽ: പ്രതികളെ ആലപ്പുഴയിൽ എത്തിച്ച് തെളിവെടുത്തു
വലിയ ശബ്‌ദത്തോടെ വാഹനത്തിൻ്റെ ടയർ പൊട്ടുന്ന ശബ്‌ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഹനം കത്തുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പൊലീസിലും അഗ്നിശമനസേനയിലും വിവരമറിയിക്കുകയും തുടർന്ന് തീ അണക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് പൊലീസും ഫോറെസിക് വിദഗ്‌ധരും നടത്തിയ പരിശോധനയിൽ തീപ്പെട്ടിയും കത്തിക്കാനുപയോഗിച്ചെന്ന് കരുതുന്ന ടർപ്പെൻഡ് കുപ്പിയും കണ്ടെടുത്തിരുന്നു.