കണ്ണൂര്‍: പരിയാരത്ത് കണ്ണൂര്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള പഴയ ടിബി സാനിറ്റോറിയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നവീകരിക്കുന്നു. 1948ല്‍ നിര്‍മിച്ച ടിബി സാനിറ്റോറിയം എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. ക്ഷയരോഗ നിര്‍മാര്‍ജനത്തിന് നിസ്‌തുല പങ്ക് വഹിച്ച കെട്ടിടം കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുമ്പോള്‍ അത് ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമാവുകയാണ്.
ക്ഷയരോഗം ഭീതി പടര്‍ത്തിയ കാലഘട്ടത്തിലാണ് പരിയാരത്ത് 350 ഏക്കര്‍ സ്ഥലത്ത് സാനിട്ടോറിയം നിര്‍മിക്കുന്നത്. 400 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സാധിക്കുന്ന ഒമ്പത് ജനറല്‍ വാര്‍ഡുകള്‍, 11 സ്‌പെഷ്യല്‍ വാര്‍ഡുകള്‍, അതില്‍ തന്നെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വാര്‍ഡുകള്‍, ഐസൊലോഷന്‍ വാര്‍ഡുകള്‍, എല്ലാവിധ സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷന്‍ തിയേറ്റര്‍, മികച്ച എക്‌സ്‌റേ സംവിധാനം, ക്ലിനിക്കല്‍ ലബോറട്ടറികള്‍, ഒപി വിഭാഗം, ആയിരം പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന അടുക്കള, ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ക്വാര്‍ട്ടേഴ്‌സ്, സുഭിക്ഷമായ ജലവിതരണത്തിനുള്ള കിണറുകള്‍, പമ്പ്ഹൗസ്, ജലവിതരണ സംവിധാനങ്ങള്‍, ജനറേറ്റര്‍ സംവിധാനം, തുണികള്‍ അലക്കുന്നതിന് ആധുനിക അലക്കുശാല തുടങ്ങിയവയെല്ലാം പ്രത്യേകം കെട്ടിടങ്ങളില്‍ പണിതിരുന്നു. 130 ജീവനക്കാരെയാണ് സാനിറ്റോറിയത്തില്‍ നിയോഗിച്ചിരുന്നത്. 1993 ല്‍ നിര്‍ത്തലാക്കിയ സാനിറ്റോറിയം പിന്നീട് പരിയാരം സഹകരണ മെഡിക്കല്‍ മെഡിക്കല്‍ കോളജായി ആദ്യ അഞ്ച് വര്‍ഷത്തോളം ഉപയോഗപ്പെടുത്തിയിരുന്നു. പരസ്‌പരം ബന്ധിക്കപ്പെടാത്ത കെട്ടിടങ്ങള്‍ നിറഞ്ഞ ടിബി സാനിറ്റോറിയത്തിലെ ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ അന്ന് രോഗം ബാധിച്ചിരുന്നില്ല. ഊരാളുങ്കൽ സൊസൈറ്റിയാണ് കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടത്തിന്‍റെ നവീകരണം ഏറ്റെടുത്തിരിക്കുന്നത്.