കണ്ണൂർ:പരിയാരം മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനി മിത മോഹന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പരിയാരം പൊലീസിന് കൈമാറി. മിതയുടെ വീട്ടുകാർ കോഴിക്കോട് പൊലീസിൽ നൽകിയ പരാതിയാണ് പരിയാരം പൊലീസിന് കൈമാറിയത്. പരിയാരം സിഐ എം.ജിജോക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ 20ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ച മിത മോഹൻ പിന്നീട് കൊവിഡ് ബാധിച്ച് മരണപ്പെടുകയായിരുന്നു. കുത്തിവെപ്പിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട മിതയെ പരിയാരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോടേക്ക് മാറ്റിയെങ്കിലും മരണപെടുകയായിരുന്നു. പരിയാരത്ത് ആവശ്യമായ പരിഗണന ലഭിക്കാത്തതാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ കോഴിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയാണ് പരിയാരം പൊലീസിനു കൈമാറിയത്.
ഇതേ പരാതി ഉന്നയിച്ച് പരിയാരത്തെ വിദ്യാർഥികൾ രംഗത്ത് വന്നിരുന്നു. മിതയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്‍റെ അന്വേഷണവും നടന്നുവരികയാണ്. മിതയുടെ മരണകാരണം ഈ അന്വേഷണങ്ങളിലൂടെ എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് വിദ്യാർഥികളുടെയും ബന്ധുക്കളുടെയും വിശ്വാസം.