കണ്ണൂർ: കുഞ്ഞുപാമ്പുകൾ തലങ്ങും വിലങ്ങും ഇഴഞ്ഞുനീങ്ങുന്ന മനോഹര കാഴ്‌ചയാണ് കണ്ണൂരിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ ശ്രദ്ധേയം. സന്ദർശകരേറേ എത്തുന്ന സ്‌നേക്ക് പാര്‍ക്കില്‍ നിലവിൽ പ്രജനന കാലമാണ്. അണലിയും, പെരുമ്പാമ്പുമൊക്കെ കുഞ്ഞുപാമ്പുകളോടൊപ്പം ആഘോഷത്തിലാണ്. ഇംഗ്ലീഷ് എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിങ്ങിന്‍റെ Rudyard Kipling ജംഗിൾ ബുക്കിലെ പാമ്പിന്‍റെ പേരാണ് 'കാ'. ഈ പേരിട്ട പെരുമ്പാമ്പ് ഏപ്രിൽ ഏഴിനാണ് 32 മുട്ടകളിട്ടത്.
പെരുമ്പാമ്പുകൾ അടയിരിക്കാറുണ്ടെങ്കിലും പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ വിരിഞ്ഞ മുട്ടകൾ എല്ലാം പ്രത്യേകമായി വിരിയിച്ചെടുക്കുകയായിരുന്നു. 65 ദിവസത്തിനുശേഷം ജൂൺ 11നാണ് മുട്ടകൾ വിരിഞ്ഞത്. എല്ലാ കുഞ്ഞുങ്ങളും ആരോഗ്യമുള്ളവരാണെന്ന് വെറ്ററിനറി ഓഫിസർ അഞ്ജു മോഹൻ പറഞ്ഞു. പൈത്തന്‍ മൊളൂറസ് എന്ന ശാസ്ത്രീയ നാമമുള്ള പെരുമ്പാമ്പ് 91 കിലോ വരെ ഭാരമുണ്ടാകാറുണ്ട്. ജീവനുള്ള മൃഗങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിവയാണ് പ്രധാന ആഹാരം. വിഷമില്ലാത്ത പാമ്പിനത്തിൽ പെട്ടതാണ് പെരുമ്പാമ്പുകൾ.
ഡിസംബർ ജനുവരി മാസങ്ങളിലാണ് ഇവ ഇണചേരുന്നത്. 58 മുതൽ 90 ദിവസം വരെ മുട്ട വിരിയിക്കാൻ സമയം എടുക്കും. ഒരു പാമ്പ് ഒരു പ്രാവശ്യം എട്ടുമുതൽ 100 വരെ മുട്ടകളിടും. 2023 ജനുവരി മുതൽ നിരവധി പുതിയ അതിഥികൾ പാമ്പ് വളർത്തല്‍ കേന്ദ്രത്തിലെ കുടുംബത്തിലേക്ക് എത്തിയിരുന്നു. കല്യാണി എന്ന നീർക്കോലിയുടെ കുഞ്ഞുങ്ങൾ. റാൻ, ഇവ, നോവ എന്ന യമുക്കുഞ്ഞുങ്ങൾ, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന മണ്ണൂലി പാമ്പിന്‍റെ കുഞ്ഞുങ്ങൾ, വാസുകി, മാനസ എന്ന അണലി പാമ്പിന്‍റെ കുഞ്ഞുങ്ങൾ ഏറ്റവും ഒടുവിലായാണ് 'കാ' എന്ന പെരുമ്പാമ്പിന്‍റെ കുഞ്ഞുങ്ങൾ കൂടി ഇവിടെ എത്തുന്നത്.
സ്‌നേക്ക് പാര്‍ക്കിന്‍റെ ചരിത്രം: 1982ല്‍ പാപ്പിനിശേരി ചികിത്സ കേന്ദ്രത്തിന്‍റെ കീഴിൽ, സിഎംപി നേതാവും മന്ത്രിയുമായിരുന്ന എംവി രാഘവൻ ആരംഭിച്ചതാണ് പാമ്പ് വളർത്തല്‍ കേന്ദ്രം. ആക്കാലത്ത് രോഗികളോടൊപ്പം കടിച്ച പാമ്പിനേയും ആളുകൾ വിഷ ചികിത്സ കേന്ദ്രത്തിൽ എത്തിക്കാറുണ്ടായിരുന്നു. കടിച്ചത് ഏത് പാമ്പാണെന്ന് അറിയാനായിരുന്നു ഇത്. ഇവയെ സംരക്ഷിക്കാനും പാമ്പുകളെ കുറിച്ച് അവബോധം വളർത്താനുമാണ് സ്നേക്ക് പാർക്ക് എന്ന ആശയം എംവി രാഘവന്‍റെ നേതൃത്വത്തിൽ ആരംഭിച്ചത്. എന്നാൽ, എംവി രാഘവനോടുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ 1993ൽ രാഷ്ട്രീയ എതിരാളികൾ പാമ്പ് വളർത്തല്‍ കേന്ദ്രം തീയിട്ടിരുന്നു.
പാമ്പും മുതലയും പക്ഷികളും അടക്കം നൂറുകണക്കിന് ജീവികൾ അഗ്നിയിൽ അമർന്നു. പാർക്ക് വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും അനധികൃത മൃഗശാലയെന്ന് ആരോപിച്ച് 2000ത്തില്‍ താഴുവീണിരുന്നു. അന്നത്തെ നടപടിയിൽ നൂറ് മൃഗങ്ങൾക്ക് ജീവൻ നഷ്‌ടപ്പെട്ടതായാണ് കണക്ക്. നിയമ പോരാട്ടങ്ങളിലൂടെയാണ് വീണ്ടും പാർക്ക് തുറന്നത്. മൃഗശാലയുടെ അംഗീകാരം കൂടി ലഭിച്ചതോടെ പാർക്കിന്‍റെ പ്രവർത്തനം കൂടുതൽ വിപുലമായി. കണ്ണൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ ദിനംപ്രതി എത്താറുള്ളത്.