കണ്ണൂര്‍ : തളിപ്പറമ്പ് ലീഗിൽ വിഭാഗീയതയെ തുടർന്ന് ഉടലെടുത്ത സമാന്തര കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് അള്ളാംകുളം മഹമ്മൂദ് അനൂകൂല വിഭാഗത്തിന്‍റെ തീരുമാനം. നേതൃത്വത്തിന്‍റെ തീരുമാനങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തളിപ്പറമ്പ് മുൻസിപ്പൽ ലീഗ് കമ്മിറ്റിയെ പുനർരൂപീകരിച്ച ജില്ല കമ്മിറ്റി നിലപാടിനെ എതിർത്താണ് പുതിയ സമാന്തരകമ്മിറ്റി രൂപീകരിച്ചതും പ്രവർത്തങ്ങൾ സജീവമാക്കിയതും.
Also Read: ഇരുട്ടടി തുടരുന്നു ; ഇന്ധനവിലയിൽ വീണ്ടും വർധനവ്
പാർട്ടി സംവിധാനം ശക്തിപ്പെടുത്താൻ മഹമൂദ് അള്ളാംകുളത്തെ അനുകൂലിക്കുന്ന വിഭാഗം മുൻസിപ്പൽ കമ്മിറ്റി ഓഫിസ് ഒരുക്കി പ്രവർത്തനമാരംഭിച്ചിരുന്നു. വിഭാഗീയത കടുത്തതോടെ പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം കെഎം ഷാജി, പാറക്കൽ അബ്ദുള്ള എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചർച്ച നടത്തുകയും ചെയ്തു.
Read More: തളിപ്പറമ്പ് ലീഗിലെ വിഭാഗീയത : രണ്ടംഗ കമ്മിറ്റിയുമായി സഹകരിക്കുമെന്ന് സമാന്തര ഘടകം
ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരത്തിനായി തളിപ്പറമ്പിലെ സമാന്തര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ് സമാന്തര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അനുസരിച്ചുമുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചത്. പ്രശ്നങ്ങൾക്കിടയിൽ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്യപ്പെട്ട 10 പേരുടെ കാര്യത്തില്‍ നേതൃത്വം തീരുമാനമെടുക്കും.