കണ്ണൂർ: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി ഷിനോസിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് സൂചന. വിശദ പരിശോധനക്കായി ഫോൺ സൈബർ സെല്ലിന് കൈമാറി.
കൂടുതൽ വായനയ്‌ക്ക്: പാനൂര്‍ കൊലപാതകം; സി.പി.എം പ്രവർത്തകന്‍ അറസ്റ്റില്‍
ഇന്നലെയാണ് അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിനോസിനെ തലശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സംഭവത്തിൽ പ്രതികളായ ഏഴു പേരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും മറ്റു പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പൊലീസ് കണ്ടെത്തിയതായാണ് സൂചന. സംശയാടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. മറ്റു പ്രതികളെ രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തേക്കും.
കൂടുതൽ വായനയ്‌ക്ക്: പാനൂർ കൊലപാതകം: അറസ്‌റ്റിലായ പ്രതി ഷിനോസിനെ റിമാൻഡ് ചെയ്‌തു