കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ മൻസൂറിന്‍റേത് ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അക്രമത്തിന് പിന്നില്‍ ഇരുപത്തിയഞ്ചംഗ സംഘമാണെന്നും പൊലീസ്. പതിനൊന്നു പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിനോസിനെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാലു ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്‌തത്. ഇരുപത്തിയഞ്ചംഗ സംഘത്തില്‍ പതിനൊന്നുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തു.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണ് മരിച്ചതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം, കേസ് അന്വഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഒളിവിലുള്ള മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും സിറ്റി പൊലീസ് കമ്മിഷ്‌ണര്‍ ആർ ഇളങ്കോ വ്യക്തമാക്കി.