കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പാലക്കാട് സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിലെ പീഡന പരാതിയില്‍ ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചതായി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പി. അതൊരു ചെറിയ കാര്യമാണ്. അതേക്കുറിച്ച് പഠിച്ചിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വിവേക് എച്ച് നായര്‍ക്ക് എതിരെയാണ് വനിത ഭാരവാഹിയായ യുവതി സംഘടനയ്‌ക്ക് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് വിവേകിനെ കേന്ദ്ര നേതൃത്വം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇയാള്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടതായും സ്വകാര്യ ഭാഗത്ത് സ്‌പര്‍ശിച്ചു എന്നുമാണ് യുവതിയുടെ പരാതി.
'ജയരാജന് എതിരായി കോടതിയെ സമീപിക്കും': മുഖ്യമന്ത്രിയ്‌ക്ക് എതിരായി വിമാനത്തില്‍ വച്ചുണ്ടായ പ്രതിഷേധത്തിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് എതിരെ കേസെടുക്കാൻ കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയരാജന്‍ തള്ളിയിട്ടതിന് എതിരായാണ് കോണ്‍ഗ്രസ് നീക്കം. സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജി വയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എയ്‌ക്കും സത്യപ്രതിജ്ഞ ബാധകമാണ്. ഭരണഘടന തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്‌തത്. മന്ത്രി സ്ഥാനത്തിന് ബാധകമെങ്കിൽ എം.എല്‍.എ പദവിക്കും അത് ബാധകമാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.