കണ്ണൂർ: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്. 201 പോയിന്‍റ് നേടിയാണ് പാലക്കാട് ചാമ്പ്യന്മാരായത്. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം 157 പോയിന്‍റിൽ ഒതുങ്ങി. ട്രിപ്പിൾ മീറ്റ് റെക്കോഡോടെ ട്രിപ്പിൾ സ്വർണം നേടിയ തൃശൂർ നാട്ടിക സ്കൂളിലെ ആൻസി സോജന്‍ മേളയിലെ താരമായി. സ്കൂൾ തലത്തിൽ കോതമംഗലം മാർ ബേസിൽ ചാമ്പ്യന്മാരായി. 13 വർഷം കിരീടം ചൂടിയ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ലക്ക് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് പാലക്കാട് 2016 ന് ശേഷം കായിക കിരീടം ചൂടിയത്.
സംസ്ഥാന മേളയിൽ ലോങ്ങ് ജംപിൽ പെൺകുട്ടികൾ ആറ് മീറ്റർ ഭേദിക്കുന്നതിനും കണ്ണൂർ മേള സാക്ഷിയായി. ദേശീയ റെക്കോഡിന് മീതെ ചാടിയ തൃശൂർ നാട്ടികയിലെ ആൻസി സോജന് മത്സരിച്ച മറ്റ് രണ്ട് ഇനങ്ങളിലും മീറ്റ് റെക്കോഡ് നേടാനായി. ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജിവി രാജയിലെ എസ്. അക്ഷയും സബ്ബ് ജൂനിയർ വിഭാഗത്തിൽ ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസിലെ മണിപ്പൂരുകാരൻ വാങ്ങ്മയും ട്രിപ്പിൾ സ്വർണ ജേതാക്കളായി. സീനിയർ ആൺകുട്ടികളിൽ പാലക്കാടിന്‍റെ സൂര്യജിത്തിന് രണ്ട് സ്വർണമാണ് നേടാനായത്. കായിക താരമാകാന്‍ കൊതിച്ച് വയനാട്ടിൽ നിന്നും തിരുവനന്തപുരത്ത് പോയി പഠിച്ച് രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ അയ്യങ്കാളി സ്കൂളിലെ വിഷ്ണുവും സബ്‌ജൂനിയർ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സ്‌കൂൾ തലത്തിൽ പാലക്കാട് ബിഇഎംഎച്ച്എസ്എസും കോഴിക്കോട് ഉഷാ സ്‌കൂളും മികച്ച പ്രകടനം നടത്തി. എറണാകുളത്തെ മാർ ബേസിൽ കോതമംഗലം സ്കൂള്‍തല മത്സരങ്ങളില്‍ 62 പോയിന്‍റോടെ ജേതാക്കളായി. പാലക്കാടിന്‍റെ വിജയത്തിൽ വലിയ പങ്ക് വഹിച്ച കല്ലടിക്കോട് കുമാരംപുത്തൂർ സ്കൂളിന് പക്ഷേ കിരീടം നേടാനായില്ല. 58 പോയിന്‍റാണ് കല്ലടിക്കോടിന് നേടാനായത്. സമാപന ചടങ്ങിൽ ടി.വി രാജേഷ് എംഎൽഎ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.