കണ്ണൂർ: എൻസിപിയുടെ സിറ്റിങ് സീറ്റായ പാലായുടെ കാര്യത്തിൽ എൻസിപി നേതൃനിരയിലുള്ള അഭിപ്രായ ഭിന്നത വീണ്ടും മറ നീക്കി പുറത്ത് വരുന്നു. പാലാ സീറ്റ് വേണമെന്ന കാര്യത്തിൽ മാണി സി കാപ്പൻ ഉറച്ച് നിൽക്കുകയാണ്. എൽഡിഎഫ് സീറ്റ് വീട്ട് നൽകിയില്ലെങ്കിൽ മുന്നണി വിടുമെന്ന പരോക്ഷ സുചന മാണി സി കാപ്പൻ നൽകി കഴിഞ്ഞു. എന്നാൽ പാല സീറ്റിൻ്റെ കാര്യത്തിൽ പിടിവാശി വേണ്ടെന്ന നിലപാടാണ് എതിർ വിഭാഗത്തിനുള്ളത്.
ദേശീയ നേതൃത്വത്തിനും ഇതേ നിലപാടാണുള്ളതെന്ന് അവർ അഭിപ്രായപ്പെടുന്നു. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം കെ സുരേശൻ മാണി സി കാപ്പൻ്റെ അഭിപ്രായത്തോട് പരോക്ഷമായ വിയോജിപ്പാണ് പ്രകടമാക്കിയത്. എൽഡിഎഫിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു തീരുമാനം ദേശീയ നേതൃത്വത്തിനില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കെ സുരേശൻ തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
എൽഡിഎഫിൽ ഉറച്ച് നിൽക്കാൻ തന്നെയാണ് തീരുമാനം. ഇപ്പോൾ കേൾക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണ്. ജയിച്ച സീറ്റ് അതത് പാർട്ടിക്ക് വിട്ട് നൽകുക എന്നതാണ് കീഴ്വഴക്കം. എന്നാൽ മുന്നണിയിൽ ചർച്ച വരുമ്പോൾ ചില വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും സുരേശൻ പറഞ്ഞു.
ഏതായാലും പാലാ സീറ്റിനെ ചൊല്ലി രണ്ട് നിലപാടുകളാണ് എൻസിപിയിലുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിൻ്റെ പ്രതിഫലനം വരും ദിവസങ്ങളിൽ കൂടുതൽ പ്രകടമാകാനാണ് സാധ്യത.