കണ്ണൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ മുയ്യം മുണ്ടപാലം വയലിൽ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ് മേഖല കാർഷിക ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് തരിശായി കിടന്ന ഒന്നര ഏക്കർ പാടത്ത് നെൽകൃഷി ഇറക്കിയത്. മുയ്യത്തെ ദാമോദരൻ, ഇന്ദിര എന്നിവരുടെ പാടശേഖരത്തിലാണ് കൃഷി ഇറക്കിയത്. ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്.
രണ്ട് തവണ പാടശേഖരത്തിൽ വെളളം കയറിയതിനാൽ നെല്ല് മുഴുവനും അഞ്ച് ദിവസത്തോളം വെള്ളത്തിനടിയിൽ മുങ്ങിയിരുന്നു. ഇതു കാരണം രണ്ട് ടൺ നെല്ല് കിട്ടേണ്ട സ്ഥാനത്ത് ഒരു ടൺ നെല്ല് മാത്രമാണ് ലഭിച്ചത്. കാർഷിക ഗ്രൂപ്പിലുള്ള ഏഴ് അംഗങ്ങൾക്കും വിളവിൽ ലഭിച്ച നെല്ല് വിഭജിച്ച് നൽകാനാണ് തീരുമാനം. കൊയ്‌ത് കിട്ടിയനെല്ല് പുത്തരിയാക്കി ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ് മേഖലാ കമ്മിറ്റി അംഗങ്ങൾക്കും സൗജന്യമായി വിതരണം ചെയ്യും.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ലത നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു. ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ് മേഖല കാർഷിക ഗ്രൂപ്പ് ചെയർമാനും കെ.ടി.എ.എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ എം.പി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി.ഇബ്രാഹിം കുട്ടി, ടി.വി നാരായണൻ, എം.വി രമേശൻ, എസ്.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.