കണ്ണൂർ : പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ മുത്തശ്ശിമാർ. കോൽക്കളിയിലും മാർഗം കളിയിലും സിനിമാറ്റിക്ക് ഡാൻസിലും ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്ന ഇവരുടെ പ്രകടനം ഏവരെയും വിസ്‌മയിപ്പിക്കുന്നതാണ്. തളിപ്പറമ്പ കൂവോട്ടെ 8 അംഗ സംഘത്തിൽ അറുപത് മുതൽ എഴുപത്തി അഞ്ച് വയസുവരെയുള്ളവരാണ് ഉള്ളത്.
യുവത്വത്തിന്‍റെ ചുറുചുറുക്കോടെയാണ് ഈ പ്രായത്തിലും ഇവർ കാണികളെ വിസ്മയിപ്പിക്കുന്നത്. നൃത്തത്തോട് ചെറുപ്പം മുതലേ ഇഷ്‌ടമുണ്ടായിരുന്നെങ്കിലും ഇന്ന് ലഭിക്കുന്ന പോലെ അവസരങ്ങളോ പ്രോത്സാഹനമോ ഇവർക്ക് ലഭിച്ചിരുന്നില്ല. വിവിധ ജീവിത സാഹചര്യങ്ങളിൽ വളരെ നേരത്തേ തന്നെ തൊഴിലിടങ്ങളിലെത്തിയവരും കുടുംബ ജീവിതം തുടങ്ങിയവരുമുണ്ട് ഈ കൂട്ടത്തിൽ.
കൂവോട് ഗ്രാമീണ കലാസമിതിയുടെ ഓണാഘോഷ പരിപാടിയിൽ വ്യത്യസ്‌തമായ എന്തെങ്കിലും അവതരിപ്പിക്കണമെന്ന ആലോചന വന്നപ്പോഴാണ് പ്രായമായ സ്‌ത്രീകളെ നൃത്തം അഭ്യസിപ്പിച്ച് വേദിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്. 'എല്ലാരും ചൊല്ലണ്' എന്ന പാട്ട് തെരഞ്ഞെടുത്ത് ഒരാഴ്ചകൊണ്ടുതന്നെ പഠിപ്പിച്ചെടുക്കാൻ സാധിച്ചുവെന്ന് നൃത്തം അഭ്യസിപ്പിച്ച പി.കെ പ്രവീണ പറഞ്ഞു.
75 വയസുള്ള വി. കല്ല്യാണി നേതൃത്വം നൽകുന്ന സംഘത്തിൽ വി.കാർത്ത്യായനി, എം.കമല, സി.യശോദ, എ.മാധവി, ഐ.വി വനജ, ശ്യാമള കൂവോടൻ, സി.ബിന്ദു എന്നിവരാണുള്ളത്. നാട്ടിലെയും പുറത്തുമുള്ള ഫെസ്‌റ്റിലും മറ്റ് പരിപാടികളിലും നൃത്തം അവതരിപ്പിക്കാൻ അവസരങ്ങൾ ഇവരെ തേടിയെത്തിത്തുടങ്ങിയിട്ടുണ്ട്. ചെറുപ്പത്തിൽ ലഭിക്കാത്ത അവസരം ഇപ്പോൾ ലഭിച്ചപ്പോൾ ഒരു മടിയും കൂടാതെ സ്വീകരിക്കുകയായിരുന്നു ഇവർ.
മക്കളും പേരക്കുട്ടികളും നാട്ടുകാരും നല്ല രീതിയിലുള്ള പിന്തുണ കൂടി ഇവർക്ക് നൽകി കൂടെ നിൽക്കുന്നു. പഠിച്ചെടുക്കാൻ ആദ്യമൊക്കെ ചെറിയ പ്രയാസമുണ്ടായെങ്കിലും പ്രവീണയുടെ മികച്ച ശിക്ഷണത്തിലൂടെയാണ് തങ്ങൾക്ക് ഈ പ്രായത്തിലും വേദികളിൽ നൃത്തം അവതരിപ്പിക്കാനായതെന്ന് ഇവർ പറഞ്ഞു. പ്രായമേറെയായില്ലേ ഇനിയൽപ്പം വിശ്രമമാകാമെന്ന് പറയുന്നവരോട്, അതിനായിട്ടില്ലെന്നും വയസ് വെറും കണക്കുമാത്രമാണെന്നും ഇവർ പറയും.