കണ്ണൂർ: പാനൂർ പാലത്തായി പീഡനക്കേസിൽ പോക്സോ ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം ഭാഗിക സമർപ്പിച്ചു. കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിലാണ് അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് തലശ്ശേരി പോക്സോ കോടതിയിൽ പോക്സോ വകുപ്പ് ഒഴിവാക്കി ഭാഗിക കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ന് അര്‍ധ രാത്രി (ജൂലൈ 14) 90 ദിവസം പൂര്‍ത്തിയാവാനിരിക്കെയാണ്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെയാണ് ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് പോക്സോ വകുപ്പ് കൂടി ചേര്‍ന്ന് പൂര്‍ണ കുറ്റപത്രം സമര്‍പ്പിക്കുന്നുമെന്ന് ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞു.
പീഡനത്തിനിരയായ വിദ്യാർഥിനിയുടെ 164 വകുപ്പിലുള്ള മൊഴിയും നീതിപീഠത്തിന് മുൻപിലുണ്ട്. നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂൾ ശൗചാലയത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. എന്നാൽ ക്രൈം ബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അപമാനിച്ചുവെന്ന വകുപ്പ് മാത്രമേ ഉൾപെടുത്തിയിട്ടുള്ളൂ. കഴിഞ്ഞ 90 ദിവസമായി പ്രതി ജയിലിലാണുള്ളത്. റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാൽ ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
പ്രതി നൽകിയ ജാമ്യ ഹർജി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയും ഇയാളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഹൈക്കോടതിയും ജാമ്യ ഹർജി തള്ളിയ പശ്ചാത്തലത്തിൽ പ്രതിക്കെതിരെയുള്ള കുറ്റപത്രം കോടതിയിൽ എത്തിക്കാത്തതിനെ തുടർന്ന് പാനൂരിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും പൊലീസിനെതിരെ പ്രതിഷേധ സമരം നടത്തി വരികയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ബുധനാഴ്ചയാണ് തലശ്ശേരി ഡി.വൈ.എസ്.പി.കെ.വി.വേണുഗോപാലിന്‍റെയും പാനൂർ പൊലീസ് ഇൻസ്പക്‌ടർ ഇ.വി. അലിയുടെയും നേതൃത്വത്തിലുള്ള പൊലീസ് പൊയിലൂരിൽ വച്ച് ബി.ജെ.പി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കൂടിയായ പത്മരാജനെ അറസ്റ്റ് ചെയ്തത്.