കണ്ണൂർ : 75 തികഞ്ഞവരേയും സംസ്ഥാന സമിതി അംഗങ്ങളേയും പൂർണമായും ഒഴിവാക്കി സിപിഎമ്മിന്‍റെ കണ്ണൂർ ജില്ല കമ്മിറ്റി നിലിവിൽ വന്നു. വനിത യുവജന പിന്നാക്ക സന്തുലനം പാലിച്ചുകൊണ്ടാണ് എം.വി ജയരാജന്‍റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി.
സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജനേയും എ.എൻ ഷംസീറിനേയും അടക്കം 14 പേരെ ഒഴിവാക്കിയും 11 പേരെ കൂട്ടിച്ചേർത്തുമാണ് 50 അംഗ കമ്മിറ്റി. ഒപ്പം 12 അംഗ സെക്രട്ടറിയറ്റും.
READ MORE:എംവി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി തുടരും
സമ്മേളനം എം.വി ജയരാജനെ ഐകകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. മഹിള അസോസിയേഷനിൽ നിന്ന് ടി. ഷബ്ന, കെ.എസ്.ടി.എയിൽ നിന്ന് കെ.സി ഹരികൃഷ്ണൻ, ഡി.വൈ.എഫ്.ഐയില്‍ നിന്ന് ജില്ല പ്രസിഡന്‍റ് മനു തോമസ്, പിന്നാക്ക വിഭാഗത്തിൽ നിന്ന് കെ. മോഹനൻ എന്നിവർ എത്തി. ഏരിയ സെക്രട്ടറിമാരായ കെ.ഇ കുഞ്ഞബ്ദുല്ല എം.കെ മുരളി, കെ. ബാബുരാജ്, അഡ്വ. എം. രാജൻ, കെ. പത്മനാഭൻ, കെ. ശശിധരൻ, പി. ശശിധരൻ എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ.
75 തികഞ്ഞ ഒ.വി നാരായണൻ, പാട്യം രാജൻ, കെ. ഭാസ്കരൻ, വയക്കാടി ബാലകൃഷ്ണൻ, അരക്കൻ ബാലൻ, കെ.കെ നാരായണൻ, കെ.എം ജോസഫ്, കെ.വി ഗോവിന്ദൻ, പി. ബാലൻ,പി.പി ദാമോദരൻ, കെ.എം ജോസഫ് എന്നിവരാണ് പ്രായപരിധി നിബന്ധനയിൽ പുറത്തായത്. എ.കെ.ജി സെന്‍ററിന്‍റെ ചുമതല വഹിക്കുന്ന ബിജു കണ്ടക്കൈയും ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിവായി.
ഇതാദ്യമായാണ് എം.വി ജയരാജൻ സമ്മേളനത്തിലൂടെ സെക്രട്ടറിയാവുന്നത്. പി. ജയരാജൻ ലോക്‌സഭാ സ്ഥാനാർഥിയായതിനെ തുടർന്ന് 2019 മാർച്ച് 12നാണ് എം.വി ജയരാജൻ കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.