കണ്ണൂർ: തളിപ്പറമ്പ് നഗരസഭാ പരിധിയിൽ കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. വ്യാഴാഴ്ച മുതൽ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തും. ബുധനാഴ്ട തളിപ്പറമ്പ് ഡിവൈഎസ്‌പി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ് നഗരസഭ പരിധിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മാർക്കറ്റിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യും. പാർക്കിംഗിന് സമയപരിധിയും നിശ്ചയിക്കും. അന്യസംസ്ഥാനത്ത് നിന്നും ചരക്ക് വാഹനങ്ങളിൽ എത്തുന്നവരുമായി പണം ഇടപാട് നടത്തുമ്പോൾ ഗ്ലൗസ് ധരിക്കുന്നതും നിർബന്ധമാക്കി.
കടകൾ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. തട്ടുകടകളിലും ഹോട്ടലുകളിലും ഇത് ബാധകമാക്കും. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടിയെടുക്കും. ഡിവൈഎസ്‌പി വിളിച്ച് ചേർത്ത യോഗത്തിൽ തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരി നേതാക്കൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.