കണ്ണൂര്‍ : തെന്നിന്ത്യൻ സിനിമാതാരം നയൻതാരയുടെ വിവാഹ മേക്കപ്പ് പുനരാവിഷ്‌കരിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ് കണ്ണൂര്‍ സ്വദേശിയും മോഡലുമായ അഞ്ജലി. 4 വർഷമായി തളാപ്പിൽ പ്രവർത്തിക്കുന്ന വിജിൽസ് ബ്രൈഡൽ മേക്ക് ഓവർ സ്റ്റുഡിയോയും മേക്കപ്പ് ആർട്ടിസ്റ്റായ വിജിൽ കണ്ണൂരുമാണ് അഞ്ജലിയുടെ ഈ കണ്ണഞ്ചിപ്പിക്കുന്ന രൂപമാറ്റത്തിന് പിന്നില്‍. നയന്‍താരയുടെ വിവാഹ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് വിജിലിന്‍റെ മനസില്‍ ഇത്തരമൊരു ആശയമുദിച്ചത്.
തുടര്‍ന്ന് മോഡലിനായുള്ള അന്വേഷണമാരംഭിച്ചു, അങ്ങനെയാണ് നയൻതാരയോട് രൂപ സാദൃശ്യമുള്ള അഞ്ജലിയിലേക്കെത്തുന്നത്. രണ്ട് വർഷം മുമ്പ് ഒരു പരിപാടിയില്‍ വച്ച് പരിചയപ്പെട്ട അഞ്ജലിക്ക് നയൻതാരയോട് രൂപ സാദൃശ്യമുള്ളതായി സുഹൃത്തുക്കളാണ് വിജിലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജൂൺ ആദ്യവാരം തന്നെ ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ വിവാഹ മേക്കപ്പ് പുനരാവിഷ്‌കരിക്കാനുള്ള ശ്രമം ഇവര്‍ ആരംഭിച്ചു.
വിവാഹ വസ്‌ത്രങ്ങള്‍ തേടി കണ്ണൂരും, കോഴിക്കോടും, എറണാകുളത്തും അലഞ്ഞു. ഒടുവില്‍ വസ്‌ത്രങ്ങൾ ഡൈ ചെയ്‌ത് എറണാകുളത്തുനിന്നും എത്തിച്ചു. ആഭരണങ്ങള്‍ അന്വേഷിച്ചുള്ള യാത്രയും നീണ്ടു. ഇത്തരത്തില്‍ ഏറെ പ്രയത്നിച്ചാണ് മേക്കോവര്‍ സാക്ഷാത്കരിച്ചതെന്ന് വിജിൽ പറയുന്നു.
മോഡലിംഗ് രംഗത്തുള്ള അഞ്ജലി ദിവസങ്ങള്‍ എടുത്താണ് നയന്‍താരയുടെ ഭാവങ്ങള്‍ സ്വായത്തമാക്കിയത്. വീഡിയോ വൈറലായതിൽ സന്തോഷമുണ്ടെന്ന് അഞ്ജലി പറയുന്നു. ഒറിജിനലിനെ പോലും വെല്ലുന്ന വിവാഹ മേക്കപ്പ് ഇതിനോടകം നിരവധി പേരാണ് കണ്ടത്. മേക്കപ്പ് രംഗത്ത് ഇതിന് മുമ്പും വിജിൽസ് ബ്രൈഡല്‍ സ്റ്റുഡിയോ ശ്രദ്ധ നേടിയിരുന്നു.