കണ്ണൂർ: ഇന്ന് ജുലായ് ഒന്ന്, ദേശീയ ഡോക്‌ടേഴ്‌സ് ദിനം. ആതുര സേവന രംഗത്ത് നിരവധി സംഭാവനകൾ ചെയ്ത ഡോക്‌ടർ ബി.സി റോയിയുടെ ജന്മദിനം. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത മഹാമാരിയിൽ, കോടിക്കണക്കിന് ജീവനുകൾ നഷ്‌ടപ്പെടുന്ന കാലം. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് ലോകത്തെ കീഴടക്കുമ്പോൾ ജനങ്ങൾ രക്ഷതേടുന്നത് നമ്മുടെ ആതുരാലയങ്ങളിലാണ്, വിശ്വസിക്കുന്നത് ഡോക്‌ടർമാരെയും. നിരവധി ജീവനുകളെ കൊവിഡിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെടുത്തിയ കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളജിലെ സൂപ്രണ്ട് ഡോ.കെ.സുദീപ് ഇടിവി ഭാരതിനോട് അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്.
തലമുറകളായി ഡോക്‌ടർമാർക്ക് പരിചിതമല്ലാത്ത ഒരു അനുഭവമാണിത്. അതുകൊണ്ട് തന്നെ ഡോക്‌ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സമൂഹത്തിലുള്ള സ്ഥാനം ജനങ്ങൾ മനസിലാക്കിയ ഒരു കാലം കൂടിയായിത് മാറി. ഈ പോരാട്ടത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ.സുദീപ് പറഞ്ഞു. പരിയാരം ഗവ: മെഡിക്കൽ കോളജ് ഈ കാലയളവിൽ വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. നൂറിലേറെ കൊവിഡ് രോഗികളിൽ 80 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. അപകടനില തരണം ചെയ്തവർ ചികിത്സയിൽ തുടരുകയാണ്.
രോഗബാധിതരിൽ 27 പേർ ഗർഭിണികൾ ആയിരുന്നു. അഞ്ചു പേർ ആശുപത്രിയിൽ തന്നെ പ്രസവിച്ചു. കുഞ്ഞുങ്ങൾക്ക് രോഗം പിടിപെടാതെ അതീവ ശ്രദ്ധയോടെ ആരോഗ്യ പ്രവർത്തകർ അവരെ വീടുകളിലേക്ക് യാത്രയാക്കി. 80 വയസിന് മുകളിൽ പ്രായമുള്ള, മറ്റ് രോഗങ്ങൾ ഉണ്ടായിരുന്ന മൂന്ന് പേരെയും സുഖപ്പെടുത്തി. ഇതിനിടെ മംഗലാപുരത്തേക്കുള്ള വഴി അടച്ചതോടെ നിരവധി കൊവിഡ് ഇതര രോഗികളെയും പരിചരിക്കാൻ കഴിഞ്ഞു. ഈ സമയത്ത് നടത്തിയ കഠിന പ്രയത്നത്തിൽ പങ്കുചേർന്നവർക്കെല്ലാം ഡോക്‌ടേഴ്‌സ് ദിനത്തിൽ ആശംസകൾ നേരുകയാണ് ഡോ.സുദീപ്.