കണ്ണൂർ: തെരഞ്ഞെടുപ്പിൽ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാന്‍ കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ ഉൾപ്പടെയുള്ളവർ ശ്രമിച്ചെന്ന് തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ഗോവിന്ദൻ. മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും സ്ഥാനാർഥിയോടൊപ്പം സഞ്ചരിച്ച് സുധാകരൻ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
പരിയാരം പഞ്ചായത്തിലെ ചെറിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘർഷമുണ്ടാക്കിയത്. വിവിധ മേഖലകളിൽ നിന്നെത്തിയ കോൺഗ്രസ് പ്രവർത്തകർ ബൂത്തിൽ കയറി അക്രമം നടത്തി. പ്രിസൈഡിങ്ങ് ഓഫീസറെ കയ്യേറ്റം ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിസൈഡിങ്ങ് ഓഫീസറെ മാറ്റി പോളിംഗ് തുടരേണ്ട സാഹചര്യമാണ് ഉണ്ടായത്. പ്രശ്നങ്ങൾ ഉണ്ടാക്കി സമാധാനപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
വർഗീയ ധ്രുവീകരണം നടത്തി സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് യുഡിഎഫ് ബോധപൂർവ്വം ശ്രമിച്ചത്. അയ്യങ്കോലിൽ ഉണ്ടായ സംഘർഷം ആസൂത്രിതമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.