കണ്ണൂർ: ജനങ്ങളുടെ പ്രശ്‌നം ചർച്ച ചെയ്യരുതെന്ന പ്രതിപക്ഷത്തിന്‍റെ വാശിയാണ് നിയമസഭ വെട്ടി ചുരുക്കാൻ കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തങ്ങളുടെ വാശി അടിസ്ഥാനപ്പെടുത്തി ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധ സംവിധാനം രൂപപ്പെടുത്തിയെടുക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. അതിന് മാധ്യമങ്ങളുടെ പിന്തുണയുണ്ടായി എന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിൽ ആണ് സ്‌പീക്കറെ പോലും വെല്ലു വിളിച്ചു കൊണ്ട് സഭയ്ക്ക് അകത്ത് സമാന്തര സമ്മേളനം ചേർന്നത്. പ്രതിപക്ഷത്തിന്‍റ കോപ്രായങ്ങൾക്ക് മാധ്യമങ്ങളാണ് പ്രേരക ശക്തി ആകുന്നത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
അടിയന്തര പ്രമേയ അവതരണത്തെക്കുറിച്ച് സ്‌പീക്കർ പറഞ്ഞു കഴിഞ്ഞു. പക്ഷപാതപരമായ നിലപാടുകൾ സർക്കാർ കൈക്കൊണ്ടിട്ടില്ല. നിയമസഭയ്ക്ക് അകത്ത് ഭരണഘടന അവകാശങ്ങൾ ഉണ്ട്. അതൊന്നും ലംഘിച്ച് പ്രതിപക്ഷം പറയുന്നതു പോലെ ചർച്ച ചെയ്യാൻ കഴിയില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആളെ പറ്റിക്കാൻ ഓരോ കാര്യങ്ങൾ പ്രതിപക്ഷം പറയുകയാണ്. വ്യത്യസ്‌ത അഭിപ്രായങ്ങൾ ലീഗിലും കോൺഗ്രസിനുമാണ് ഉള്ളത് എന്നും ആദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ അതി ദരിദ്രരായി കണ്ടത്തിയ 64,006 കുടുംബത്തിനെ ദത്തെടുത്ത് മൂന്നു വർഷത്തിനുള്ളിൽ അവർക്ക് വീട് ഉൾപ്പെടെ സൗകര്യങ്ങൾ നൽകാനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നത്. തൊഴിലില്ലായ്‌മ പ്രശ്‌നം ജനകീയമായി പരിഹരിക്കുകയാണ് ഇടതു പക്ഷത്തിന്‍റെ ലക്ഷ്യം. ഒരു പുതിയ കേരളത്തിൻ്റെ സാധ്യതക്ക് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്‍റ ആരോപണത്തിന് മറുപടി: കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരന്‍റെ ആരോപണത്തിനും ഗോവിന്ദൻ മാസ്റ്റർ മറുപടി നൽകി. ചന്ദ്രശേഖരന്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഐ ജില്ല സെക്രട്ടറി ഉൾപ്പെടെ പറഞ്ഞത് അക്രമികളെ അറിയില്ല എന്നാണ്. എന്നെ ആക്രമിച്ചത് ആരാണ് എന്ന് അറിയില്ല എന്ന് ചന്ദ്രശേഖരൻ മുമ്പും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്‍റെ പ്രവർത്തകർക്ക് മാത്രം അറിയില്ല എന്നല്ല പറഞ്ഞത് എന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
റബറിനു 300 രൂപയാക്കിയാൽ ബിജെപിക്ക് വോട്ട് ചെയ്യാം എന്ന ബിഷപ്പിന്‍റെ പ്രസ്‌താവനയോട് ഗോവിന്ദൻ പ്രതികരിച്ചത് ഇങ്ങനെ. കുത്തക മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കലാണ് ബിജെപിയുടെ ലക്ഷ്യം. അല്ലാതെ കർഷകരുടെ നിലപാട് സംരക്ഷിക്കൽ അല്ല. അത് കൊണ്ട് തന്നെ അവർ പറ്റിക്കപ്പെടും. തെറ്റിദ്ധരിക്കപ്പെടുമോ എന്ന് പറയേണ്ടത് അവർ തന്നെയാണ്. വിലയുടെ കാര്യത്തിൽ ബിജെപിയുടെ പിറകെ പോയാൽ ചതിക്കപ്പെടും എന്ന് ഉറപ്പാണ്. പാചവാതക വില അതിനുദാഹരണമാണ്.
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ സൗഹൃദം ഇതുപോലെ പോകുന്ന മറ്റൊരു രാജ്യമില്ല. അതിനാൽ ഇതിൽ വിഷം കലർത്തുകയാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എകെജി ദിനാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, കെ കെ ശൈലജ, സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.