കണ്ണൂർ: തളിപ്പറമ്പ് പൂമംഗലത്തെ സിപിഎം ഓഫീസില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം മ്യൂറൽ പെയിന്‍റിങ്ങിലൂടെ ഒരുക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഇ.കെ നായനാർ മന്ദിരത്തിലാണ് മ്യൂറൽ പെയിന്‍റിങ് ഒരുക്കിയിരിക്കുന്നത്. മന്ദിരത്തിന്‍റെ അകത്തെ മുറിയുടെ 24 അടി നീളവും 12 അടി വീതിയുമുള്ള ചുമരിലാണ് പെയിന്‍റിങ്. പി. കൃഷ്‌ണപിള്ള, എകെജി, ഇഎംഎസ് എന്നിവരെ കേന്ദ്രമാക്കിയാണ് ചിത്രരചന ഒരുക്കിയത്. പ്രശസ്‌ത ചുമർചിത്രകാരനായ പി. രഞ്ജിത്തും ഭാര്യ സ്‌നേഹ രഞ്ജിത്തും സഹായിയായ കെ. രതിൻ കുമാറും ചേർന്നാണ് പെയിന്‍റിങ് പൂർത്തിയാക്കിയത്.
കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാവ് പി. കൃഷ്‌ണപിള്ളയുടെ ഗുരുവായൂർ മണിയടിക്കൽ സമരം, വാരിക്കുന്തങ്ങളും ബയണറ്റും ഏറ്റുമുട്ടിയ പുന്നപ്ര വയലാർ സമരം, കണ്ണൂർ ജയലിൽ കയ്യൂർ സമര സഖാക്കളുമായുള്ള മുഖാമുഖം, നെല്ലെടുപ്പ് സമരം, കൃഷ്‌ണപിള്ള പാമ്പുകടിയേറ്റ് മരണാസന്നനായി കിടക്കുന്ന അവസ്ഥ എന്നിവയെല്ലാം ചുമരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എകെജി പങ്കെടുത്ത കണ്ടോത്ത് വഴിനടക്കൽ, അമരാവതിയിലെ കുടിയൊഴിക്കലിന് എതിരെയുള്ള സമരം, കോടതിയിലെ പോരാട്ടം, തിരുവനന്തപുരം മുടവൻ മുകൾ കൊട്ടാരമതിൽ ചാടിയുള്ള മിച്ചഭൂമി പിടിച്ചെടുക്കൽ എന്നിങ്ങനെയുള്ള സമരമുഖങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇഎംഎസിന്‍റെ നേതൃത്വത്തിൽ പാർട്ടി ആശയപരമായും സംഘടനാപരമായും നേടിയ വളർച്ചയും മ്യൂറൽ ചിത്രമായി തെളിയുന്നു. ഏലംകുളം മനയിൽനിന്ന് പൂണൂൽ ഭേദിച്ച് പുറത്തേക്കുവരുന്ന കുഞ്ചുവും എഴുത്തിന്‍റെയും വായനയുടെയും ലോകത്തെ തളരാത്ത ഇഎംഎസും ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ സത്യപ്രതിജ്ഞയും ചിത്രത്തിലുണ്ട്. ഒരുമാസം കൊണ്ടാണ് പെയിന്‍റിങ് പൂർത്തിയാക്കിയത്.