കണ്ണൂർ: തളിപ്പറമ്പിലെ അനധികൃത കച്ചവടത്തിനെതിരെ നടപടിയുമായി നഗരസഭ ഉദ്യോഗസ്ഥർ. നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരാണ് അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു നീക്കിയത്.
ലൈസൻസോ, മറ്റു രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താത്കാലിക ഷെഡിലും തട്ടുകടകളിലും നടത്തുന്ന മുഴുവൻ കച്ചവടങ്ങളും പൊളിച്ചു നീക്കി. കരിമ്പത്തെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രവർത്തിച്ചിരുന്ന മത്സ്യഷോപ്പുകൾ ഇതിൽപ്പെടുന്നുണ്ട്. കൂടാതെ ദേശീയപാതയോരത്ത് കുപ്പത്ത് പ്രവർത്തിക്കുന്ന തട്ടുകടകളും പൊളിച്ചു മാറ്റി. അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി തുടരാനാണ് തളിപ്പറമ്പ് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരുടെ തീരുമാനം.
പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളും ലോറിയിൽ കയറ്റി തളിപ്പറമ്പ് നഗരസഭാ ഓഫീസ് കോമ്പൗണ്ടിലെത്തിച്ചു. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി പി കൃഷ്ണൻ, ജെഎച്ച്ഐമാരായ ബിജോ പി ജോസഫ്, എസ് അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.