കണ്ണൂർ: ആശുപത്രിയിലേക്ക് പോകവെ പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും വെന്തുമരിച്ച കാർ അപകടത്തിൽ തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ചിരുന്ന പെട്രോളെന്ന് മോട്ടോർ വാഹന വകുപ്പ്. കാറിന്‍റെ അകത്ത് രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നതായും കാർ ഉടമകളുടെ അനാസ്ഥയാണ് അപകട കാരണമെന്നും മോട്ടോർ വാഹന വകുപ്പ് അന്വേഷണ സംഘം കണ്ടെത്തി.
ഷോർട്ട് സർക്യൂട്ട് വഴി ഉണ്ടായ തീ പൊടുന്നനെ ആളിപ്പടരാൻ കാരണം വാഹനത്തിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ആണ്. ജെസിബി ഡ്രൈവർ കൂടി ആയിരുന്ന പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ ഡ്രൈവിങ് സീറ്റിന്‍റെ അടിയിൽ വച്ചിരുന്നു. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്‍റെ ആഘാതം കൂട്ടി.
ALSO READ: കണ്ണൂരില്‍ ഓടുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു
കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടാഞ്ഞിട്ടും തീ ആളിപ്പടരാൻ കാരണം ഇതാണെന്നാണ് വിലയിരുത്തൽ. പൂർണ്ണ ഗർഭിണിയടക്കം രണ്ട് പേരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശിയായ പ്രജിത്ത് (34), ഭാര്യ റിഷ (26) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
ALSO READ: 'മുൻ സീറ്റിൽ ഉണ്ടായിരുന്നവരെ വലിച്ചിറക്കാൻ ശ്രമിച്ചു'. കണ്ണൂരിൽ കാർ കത്തിയ സംഭവത്തിൽ ദൃക്‌സാക്ഷി
ഗർഭിണിയായ ഭാര്യയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറിന്‍റെ പിൻ സീറ്റിൽ നിന്ന് തീ പടരുകയായിരുന്നു. കാറിന്‍റെ പിൻ സീറ്റിൽ ഉണ്ടായിരുന്ന നാലുപേരെ ഉടൻ തന്നെ പുറത്തെത്തിച്ചെങ്കിലും മുൻവശത്തെ ഡോർ ലോക്ക് ആയതിനാൽ പ്രജിത്തിനെയും, റിഷയേയും പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.