കണ്ണൂർ : ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എംഎം ഹസന്‍. ശശി തരൂർ യുഡിഎഫിന്‍റെ ഉന്നത നേതാവാണ്. 4 വർഷത്തിനപ്പുറമുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോഴേ ആലോചിക്കേണ്ടതില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇപ്പോഴേ ഉയർത്തിക്കാട്ടേണ്ടതില്ലെന്നും എം എം ഹസൻ പറഞ്ഞു.
ശശി തരൂർ വിഷയത്തിൽ രമേശ് ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിന്‍റെ കാര്യമാണെന്ന് അറിയില്ല. തരൂർ തണുപ്പ് കാലത്തിടുന്ന കോട്ടിനെക്കുറിച്ചാണോ ചർച്ചയെന്നും ഹസൻ പരിഹസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി മത്സരിച്ചിട്ടില്ല. പാർട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളെ ഗ്രൂപ്പായി വ്യാഖ്യാനിക്കുകയാണെന്നും ഹസൻ ആരോപിച്ചു.
വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ നിലപാടിനെതിരെ എംഎം ഹസൻ : കരം വര്‍ധിപ്പിച്ച് ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ഹസൻ ആവശ്യപ്പെട്ടു. ലിറ്റർ അടിസ്ഥാനത്തിൽ ചാർജ് വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇടത്തരക്കാരായ ആളുകൾ പതിനായിരത്തിലധികം ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട്. അത്തരം കുടുംബങ്ങൾക്ക് ഇത് വലിയ ബാധ്യതയാകുമെന്നും ഹസൻ ചൂണ്ടിക്കാട്ടി.
വർധനവ് നടപ്പിലായാൽ 120 ശതമാനം വർധനവാണ് വരാൻ പോകുന്നത്. വാട്ടർ അതോറിറ്റിക്ക് 1500 കോടിയിലധികം കുടിശ്ശിക കിട്ടാനുണ്ടെന്നും അത് പിരിച്ചെടുക്കാൻ സർക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും ഹസൻ കുറ്റപ്പെടുത്തി. ഒരു ദിവസം 2 കോടിയുടെ വെള്ളം പാഴായിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് ഒഴിവാക്കണം. വാട്ടർ അതോറിറ്റിക്ക് സർക്കാർ കൊടുക്കുന്ന ഗ്രാന്‍ഡ് വർധിപ്പിച്ച് വെള്ളക്കര വർധനവ് പിൻവലിക്കണമെന്നും ഹസൻ കൂട്ടിച്ചേർത്തു.
കെ എം ഷാജിയുടെ എൽജിബിടിക്യു പരാമർശത്തിലും പ്രതികരണം: എൽജിബിടിക്യു വിഭാഗങ്ങള്‍ക്കെതിരായ കെ എം ഷാജിയുടെ പരാമർശത്തിനെതിരെയും എംഎം ഹസൻ പ്രതികരിച്ചു. കെ എം ഷാജി പറഞ്ഞത് വ്യക്തിപരമായ നിലപാടാണ്. യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്‌തിട്ടില്ലെന്നും ഹസൻ വ്യക്തമാക്കി. എൽജിബിടിക്യു എന്ന പദം പോലും അപകടകരമാണെന്നും നമ്മുടെ നാട്ടിലെ തല്ലിപ്പൊളി പരിപാടിയാണിതെന്നുമായിരുന്നു കെ എം ഷാജിയുടെ പ്രസ്‌താവന.