കണ്ണൂർ: സിഒടി നസീര്‍ വധശ്രമക്കേസില്‍ തലശേരി എംഎല്‍എ എ എന്‍ ഷംസീറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷംസീര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന എംഎല്‍എ ബോര്‍ഡ് വച്ച കെഎല്‍ 07 സി ഡി 6887 എന്ന കാറാണ് ബോര്‍ഡ് നീക്കിയ ശേഷം സ്റ്റേഷനിലെത്തിച്ചത്.
തലശേരി സിഐ കെ സനല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വാഹനം കസ്റ്റഡിയിലെടുത്തത്. രഹസ്യ കേന്ദ്രത്തിലെത്തിച്ച വാഹനം പൊലീസ് പരിശോധിച്ചു. ഷംസീറിന്‍റെ സഹോദരന്‍റെ പേരിലുള്ള ഇന്നോവ കാറാണിത്. ഈ കാറില്‍ വച്ചാണ് സിഒടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എംഎല്‍എയുടെ സഹായിയും ഡ്രൈവറുമായ രാഗേഷ് കാറില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ പൊട്ടി സന്തോഷുമായി പദ്ധതി ആസൂത്രണം ചെയ്തു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. എംഎല്‍എക്ക് തന്നോടുള്ള വിദ്വേഷത്തെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ മെയ് പതിനെട്ടിനാണ് തലശേരി കായ്യത്ത് റോഡിൽ വച്ച് വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സിഒടി നസീർ ആക്രമിക്കപ്പെട്ടത്.