കണ്ണൂർ: നായ്ക്കളെ കൊല്ലുന്നത് തെരുവുനായ പ്രശ്‌നത്തിന് പരിഹാരമല്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്. തെരുവുനായ വിഷയം ശാസ്‌ത്രീയമായി പരിഹരിക്കപ്പെടേണ്ട ഒന്നാണ്. നായ്ക്കളെ കൊന്നൊടുക്കുന്നത് ഇതിന് പരിഹാരമല്ലെന്നും മന്ത്രി പറഞ്ഞു.
ചിലർ തെരുവുനായ്ക്കളെ കൊല്ലാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സർക്കാർ പദ്ധതികളുമായി ഇത്തരക്കാർ സഹകരിക്കുന്നില്ല. ഷെൽട്ടറുകൾ തുറക്കരുതെന്നും പ്രതിരോധ കുത്തിവയ്പ്പിനോട് സഹകരിക്കില്ലെന്നുമാണ് ഇവർ പറയുന്നത്. പ്രത്യേക അജണ്ടയോട് കൂടി നായ്ക്കളെ തല്ലിക്കൊല്ലുകയും കെട്ടിത്തൂക്കുകയുമാണ് ഇവർ ചെയ്യുന്നത്. സംസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടാനാണ് അവർ ശ്രമിക്കുന്നത്. അത്തരക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
ശാസ്ത്രീയമായ മാർഗങ്ങളിലൂടെ മാത്രമേ നായശല്യം അവസാനിപ്പിക്കാനാകൂ. എബിസി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും. വളർത്തു നായകൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. പട്ടിയേയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ വേണം. വാക്‌സിനേഷനും എബിസിയുമാണ് അതിനുള്ള മാർഗം. അതിന് മൃഗസ്നേഹികളുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഊരത്തൂരിൽ ജില്ല പഞ്ചായത്ത് സ്ഥാപിച്ച എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Also Read: ഏഴ് പേരെ കടിച്ച തെരുവ് നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു