കണ്ണൂർ: രാജ്യം മുഴുവനും കോൺഗ്രസിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. ബിജെപിയെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു. ആന്തൂർ നഗരസഭ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം അയ്യങ്കോലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയ തലത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കോൺഗ്രസിനെ വേട്ടയാടുകയാണ്. ബിജെപി അവരുടെ ഏജൻസികളെ ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ എംഎൽഎമാരെ വരുതിയിലാക്കുകയാണ്. കോൺഗ്രസ് എംഎൽഎമാരെ പണം കൊടുത്ത് രാജിവെപ്പിക്കുക്കയാണ്. പല പ്രമുഖ നേതാക്കൻമാരും രക്ഷയില്ലാതെ ബിജെപിയിലേക്ക് പോകുന്ന നിലയാണ് ഇന്നത്തെ കോൺഗ്രസ്.
രാഹുൽ ഗാന്ധിക്ക് പ്രസിഡന്‍റായി നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. അഖിലേന്ത്യാ നേതൃത്വം പോലും ഇല്ലാത്തവരായി കോൺഗ്രസ് മാറി. നിലവാരം താഴ്ന്ന നിലയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.