കണ്ണൂർ: തളിപ്പറമ്പ് പരിയാരത്ത് അന്യസംസ്ഥാന തൊഴിലാളിയായ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍റെ 66,500 രൂപ ഗൂഗിൾ പേ വഴി തട്ടിയെടുത്തതായി പരാതി. ഉത്തർപ്രദേശ് രാംപൂര്‍ സ്വദേശി സക്‌ളന്‍ റാസയുടെ പണമാണ് 3 തവണയായി നഷ്ടമായത്. ഏഴിമല നാവിക അക്കാദമിയിലെ ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാളിൽ നിന്ന് പണം തട്ടിയത്.
ജൂലൈ മൂന്നാം തീയതിയാണ് സംഭവം നടന്നത്. വര്‍ക്ക് ഷോപ്പ് ഉടമ രഘുവിനെ ഫോണില്‍ വിളിച്ചയാള്‍ ഏഴിമല നാവിക അക്കാദമിയിലെ ഓഫീസറാണെന്നും അടിയന്തിരമായി കാര്‍ റിപ്പയര്‍ ചെയ്തുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉടമ ഈ സമയം നിലമ്പൂരിലായിരുന്നതിനാല്‍ ജീവനക്കാരന്‍റെ നമ്പര്‍ വിളിച്ചയാള്‍ക്ക് കൈമാറുകയായിരുന്നു,
സക്‌ളന്‍ റാസയെ വിളിച്ച ഇയാള്‍ 40,000 രൂപ ഗൂഗിള്‍ പേ വഴി അയക്കാമെന്നും അതില്‍ 10,000 രൂപ കാറുമായി വരുന്ന ഡ്രൈവറുടെ കയ്യില്‍ തിരികെ കൊടുക്കണമെന്നും പറഞ്ഞു. ഗൂഗിള്‍ പേ നമ്പര്‍ കൊടുത്ത് ഏതാനും സമയത്തേക്ക് ഫോണ്‍ ഹാങ്ങായി എന്നും പിന്നീട് ഓഫാക്കി ഓണ്‍ചെയ്തപ്പോളാണ് പൈസ നഷ്ടപ്പെട്ടതായി അറിയുന്നത്.
ALSO READ: സ്വർണക്കടത്ത് സംഘങ്ങളുടെ സംരക്ഷകർ ടി.പി കേസ് പ്രതികളെന്ന് കസ്റ്റംസ്
ബാങ്ക് ഓഫ് ബറോഡയിലെ റാസയുടെ അക്കൗണ്ടില്‍ നിന്ന് ആദ്യം 40,000 രൂപയും പിന്നീട് 20,000 രൂപയും അവസാനം 6,500 രൂപയും പിന്‍വലിച്ചതായി മെസേജ് ലഭിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഗൂഗിള്‍പേ നമ്പറല്ലാതെ മറ്റൊന്നും താന്‍ ഫോണ്‍വിളിച്ചയാള്‍ക്ക് കൈമാറിയിട്ടില്ലെന്നും റാസ പറയുന്നു.
സംഭവത്തിൽ പരിയാരം പൊലീസിൽ ഇവർ പരാതി നൽകി. കൂടുതൽ അന്വേഷണത്തിനു വേണ്ടി പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.