കണ്ണൂർ: കൂട്ടുപുഴയിൽ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിലായി. കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തലശേരി സെയ്ദാർ പള്ളി സ്വദേശി എം.എം മുഹമ്മദ് സുഹൈൽ (26) പിടിയിലായത്. ഇയാളിൽ നിന്നും 6.5 ഗ്രാം എം.ഡി.എം.എ എന്ന ലഹരിമരുന്ന് കണ്ടെടുത്തു. പ്രതി സഞ്ചരിച്ച കെ.എൽ – 58 ഡബ്ല്യൂ 9780 നമ്പർ ഡ്യൂക്ക് ബൈക്കും കസ്റ്റഡിയിൽ എടുത്തു.
എം.ഡി.എം.എ 0.5 ശതമാനം കൈവശം വെക്കുന്നത് പോലും 10 വർഷം തടവ് ലഭിക്കുന്ന ജാമ്യമില്ല കുറ്റമാണ്. ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ പൊടിച്ച് സിഗരറ്റിലോ ബീഡിയിലോ ആക്കി വലിക്കുകയാണ് ചെയ്യുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ ദിവസം മുഴുവൻ ഇതിന്‍റെ ലഹരി നിലനിൽക്കും. ഉപയോഗിക്കുന്നതിന്‍റെ അളവ് കൂടി പോയാൽ ജീവഹാനി വരെ സംഭവിക്കാം. തലശേരിയിൽ റെന്‍റിന് കാർ ബിസിനസ് നടത്തുന്ന സുഹൈൽ ബാംഗ്ലൂരിൽ നിന്നും ലഹരിമരുന്ന് വാങ്ങി വരുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ നേരത്തെ തലശേരിയിൽ കഞ്ചാവ് കേസ് പ്രതിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.